സാമ്പത്തിക പ്രതിസന്ധി തകിടം മറിച്ച ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥി പ്രവാഹം. ബോട്ടുകള്‍ വഴി പാക്ക് കടലിടുക്കിലൂടെ രാമേശ്വരത്തേക്കാണ് അഭയാര്‍ത്ഥികള്‍ എത്തുന്നത്. പണം കൊടുത്താലും ആഹാരംലഭിക്കാത്ത അവസ്ഥയാണ് ശ്രീലങ്കയില്‍ എന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷണം കിട്ടാതായതോടെയാണ് ജനങ്ങള്‍ ഇന്ത്യയിലായേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബോട്ടില്‍ എത്തിയ ആറുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.
അന്‍പതിനായിരം രൂപ മനുഷ്യക്കടത്ത് സംഘത്തിനു നല്‍കിയാണ് ഇവര്‍ ശ്രീലങ്ക വിട്ടത്. രാമേശ്വരത്തിനു കിലോമീറ്ററുകള്‍ക്കപ്പുറത്ത് അരിച്ചല്‍മുനൈയിലെ വിജനമായ ദ്വീപില്‍ ഇവരെ ഇറക്കിവിടുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയിലേയ്ക്ക് ശ്രീലങ്കയില്‍ നിന്നും പാലായനം ഉണ്ടായിരിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ പമ്പുകളിൽ നീളന്‍ ക്യൂവും വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണണായി.
ഈ സാഹചര്യത്തില്‍ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോള്‍ പമ്പുകൾ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് പുറമെ പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം മൂലം രാജ്യത്തെ സ്‌കൂളുകളില്‍ പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ചോദ്യപ്പേപ്പര്‍ അച്ചടിക്കാനുള്ള കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതോടെയാണ് 28ന് തുടങ്ങാനിരുന്ന 9,10,11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകള്‍ മാറ്റിയത്.