ആലുവ : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ 7 മണിക്കൂറോളം നീണ്ടു. നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് വീണ്ടും ദിലീപിനെ ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നുമാണ് ദിലീപ് മൊഴി നല്‍കിയിരിക്കുന്നത്.
ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഡിജിറ്റല്‍ തെളിവുകളും ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും അടിസ്ഥാനമാക്കിയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ഏപ്രില്‍ 15ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ചോദ്യം ചെയ്യലെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്.