കൊച്ചി: നവാഗതരെ അണിനിരത്തി പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.താരത്തിന്റെ പുതിയ ചിത്രമായ ‘ഡിയര്‍ സ്റ്റുഡന്റ്സി’ലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിങ് കോള്‍ വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു.
16 മുതല്‍ 22 വയസ് വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മേകപ് കൂടാതെയുള്ള ഫോടോസും അടക്കം dsmovieauditions@gmail(dot)com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം.
പ്രേമം, ഞണ്ടുകളുടെ നാട്ടില് ഒരിടവേള തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിട്ടുള്ള നവാഗതരായ സന്ദീപ് കുമാര്‍, ജോര്‍ജ് ഫിലിപ്പ് റോയ് എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ സ്റ്റുഡന്റ്‌സ് സംവിധാനം ചെയ്യുന്നത്.സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധായകരുടേതാണ്.നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് നിവിന്‍ പോളിയുടേതായി നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്. രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന തുറമുഖം, എബ്രിഡ് ഷൈനിന്റെ മഹാവീര്യര്‍, നവാഗതനായ ലിജു കൃഷ്ണയുടെ പടവെട്ട്, റാമിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം എന്നിവയാണ് അവ.