റഷ്യന്‍ സൈനികരില്‍ നിന്ന് പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവിന് പുറത്തുള്ള നഗരത്തിലെ ഒരു കുഴിയില്‍ യുക്രെനിയന്‍ സൈന്യം നൂറുകണക്കിന് ആളുകളെ അടക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
“ബുച്ചയില്‍, ഞങ്ങള്‍ ഇതിനകം 280 പേരെ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തിട്ടുണ്ട്” -കീവ് മേയര്‍ അനറ്റോലി ഫെഡോറുക് ശനിയാഴ്ച വാര്‍ത്താ ഏജന്‍സിയോട് ഫോണില്‍ പറഞ്ഞു. ഭീകരമായി നശിപ്പിക്കപ്പെട്ട നഗരത്തിന്റെ തെരുവുകള്‍ ശവങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും തലയുടെ പിന്‍ഭാഗത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും മേയര്‍ പറയുന്നു. മരിച്ചവരില്‍ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബുച്ചയുടെ തെരുവില്‍ 22 മൃതദേഹങ്ങളെങ്കിലും കണ്ടതായി മേയര്‍ ‘അല്‍ ജസീറ’യോട് സ്ഥിരീകരിച്ചു. യുക്രെയ്ന്‍ -റഷ്യ യുദ്ധത്തില്‍ ദുരന്ത നഗരമായി മാറിയിരിക്കുകയാണ് കീവ്. കീവിലെ ബുച്ചയില്‍ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. റഷ്യന്‍ സൈന്യത്തില്‍ നിന്ന് യുക്രെയ്ന്‍ സൈന്യം കീവിന്റെ പല പ്രദേശങ്ങളും തിരിച്ചു പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ വഴിയോരങ്ങളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്.