അർജന്റീന നായകനായ ലയണൽ മെസിക്കൊപ്പം ഈ വർഷം നടക്കുന്ന ലോകകപ്പ് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് സഹതാരം റോഡ്രിഗോ ഡി പോൾ. മെസിയുടെ കഴിവുകളെ പ്രശംസിച്ച അത്ലറ്റികോ മാഡ്രിഡ് മധ്യനിര താരം മറ്റേതൊരു മനുഷ്യനേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന തലച്ചോറാണ് അർജന്റീന നായകന്റേതെന്നും അഭിപ്രായപ്പെട്ടു.
നാല് ലോകകപ്പുകൾ ഉൾപ്പെടെ ദേശീയ ടീമിനൊപ്പം നിരവധി ടൂർണമെന്റുകളിൽ മുൻപ് കളിച്ചിട്ടുള്ള മെസി ഒരു കിരീടം സ്വന്തമാക്കിയത് ഇക്കഴിഞ്ഞ കോപ്പ അമേരിക്കയിലാണ്. 2014 ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ ഫൈനലിൽ പരാജയപ്പെട്ട മെസി ആദ്യത്തെ ലോകകിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങുമ്പോൾ അത് നേടിക്കൊടുത്ത് മുപ്പത്തിനാലു വയസുള്ള താരത്തിന് മികച്ചൊരു യാത്രയയപ്പ് നൽകാൻ കഴിയുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡി പോൾ.
“മെസിക്കിനി ഒന്നും ആവശ്യമില്ലെന്നാണ് ആദ്യമായി എനിക്കു പറയാനുള്ളത്. ഫുട്ബോളിനായി അദ്ദേഹം ഇതുവരെ നൽകിയ കാര്യങ്ങളെല്ലാം താരത്തെ ഏറ്റവും മുകളിൽ നിർത്തുന്നു. പാരീസിൽ താരത്തിന് എന്തു സംഭവിക്കുന്നുവെന്ന കാര്യത്തിൽ എനിക്ക് അഭിപ്രായമില്ല. കാരണം ഞാൻ അവിടെയല്ല ഓരോ ദിവസവും ജീവിക്കുന്നത്. എന്നാൽ ദേശീയ ടീമിൽ താരം എന്ത് ചെയ്യുന്നുവെന്ന് എനിക്ക് പറയാം, താരം അർജന്റീനയിൽ സന്തോഷവാനാണ്. ഞങ്ങളുടെ നേതാവായ മെസിയെയാണ് ഞങ്ങൾ പിന്തുടരുന്നത്.”
“താരം ഞങ്ങളോട് സംസാരിക്കും, അഞ്ചാമത്തെ ലോകകപ്പിനു പോകുന്ന താരം ഞങ്ങൾക്ക് നിർദ്ദേശങ്ങളും ധൈര്യം പകരുന്ന വാക്കുകളും നൽകുകയും ചെയ്യും. താരത്തിന്റെ പരിചയസമ്പത്ത് ഒരുപാട് കനമുള്ളതാണ്, അതിനെ മെസി ആസ്വദിക്കുമെന്നും അതിൽ ബുദ്ധിമുട്ടില്ലെന്നും ഞാൻ കരുതുന്നു. അതു നന്നായി മുന്നോട്ടു പോകുമെന്ന് ഞാൻ കരുതുന്നു, ഇത് താരത്തിന്റെ അവസാനത്തെ ലോകകപ്പ് ആകുമോ ഇല്ലയോ എന്നത് താരമാണ് തീരുമാനിക്കേണ്ടത്.”
“മറ്റൊരു തലത്തിലുള്ള താരത്തിന് ആവശ്യമുള്ള സമയം വരെ കളിക്കുന്നത് തുടരാൻ കഴിയും. മെസിയുടെ തലച്ചോർ മറ്റേതൊരു മനുഷ്യനേക്കാൾ വേഗത്തിലാണ് പ്രവർത്തിക്കുക. ഈ ലോകകപ്പ് താരം ഏറ്റവും നല്ല രീതിയിൽ ആസ്വദിക്കാൻ ഞങ്ങൾ സഹായിക്കും, അവസാന ദിവസം വരെ അതുണ്ടായാൽ കൂടുതൽ നല്ലത്.” ഡി പോൾ പറഞ്ഞു.