മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് ഇന്ന് ബാംഗ്ലരിനെ നേരിടും. മുംബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടര്‍ച്ചയായ മൂന്നാം ജയത്തിനായാണ് രാജസ്ഥാന് റോയല്‍സ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ മുന്‍പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണും സംഘവും.
ബട്ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. ബട്ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാല്‍ സ്കോര്‍ ബോര്‍ഡിന് റോക്കറ്റ് വേഗമുറപ്പ്. യശസ്വീ ജയ്സ്വാള്‍കൂടി ഫോമിലേക്കെത്തിയാള്‍ ബാറ്റിംഗ് നിര ഭദ്രം. ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, ആര് അശ്വിന്, യുസ്വേന്ദ്ര ചഹല്‍ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും സന്തുലിതം.
പതിവുപോലെ പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ ബാംഗ്ലൂര്‍. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകന് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാര്‍ത്തിക് എന്നിവരിലാണ് റണ്‍സ് പ്രതീക്ഷ. ഇവരില്‍ രണ്ടുപേരെങ്കിലും ക്രീസിലുറച്ചില്ലെങ്കില്‍ ബംഗ്ലൂര് വിയര്‍ക്കും.
വാനിന്ദു ഹസരംഗയുടെ ഓള്‍റൗണ്ട് മികവിലും പ്രതീക്ഷയേറെ. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ബാംഗ്ലൂരിന് നിര്‍ണായകം.