അഖില സുരേഷ്
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രചരണ പരിപാടിയില്‍ വേദിയില്‍ കണ്ണീരണിഞ്ഞ് നടന് സിജു വില്‍സണ്‍. ചിത്രത്തിലെ നായകനാകാന്‍ വിനയന് തന്നെ സമീപിച്ചപ്പോഴുണ്ടായ സംഭവം ഓര്‍ത്തെടുത്തപ്പോഴാണ് സിജു വികാരാധീനനായത്. ‘ഞാന്‍ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്ന സമയത്താണ് വിനയന് സര് എന്നെ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചത്. പിന്നെ സാറിനോട് പൊതുമധ്യത്തില്‍ ക്ഷമ ചോദിക്കണം. എന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ആലോചിച്ച് എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചു. അത് മാനുഷികമായി എല്ലാ മനുഷ്യരുടെ മനസ്സിലും വരുന്ന കാര്യമാണ്.
എന്നാല്‍ വിനയന് സാറിന്റെ വീട്ടില്‍പോയി അദ്ദേഹത്തോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷം ലഭിച്ചു. ഇപ്പോഴും അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വികാരാധീനനായി പോകും. സാര്‍ അത്രയും ബഹുമാനത്തോടെയാണ് സാര്‍ എന്നോട് പെരുമാറിയത്’- സിജു വില്‍സണ്‍ പറഞ്ഞു.
അങ്ങനെയുള്ള വിചാരങ്ങള്‍ സിജുവിന് വന്നത് അത്ഭുത ദ്വീപും രാക്ഷസ രാജാവുമൊന്നും ആലോചിക്കാഞ്ഞതു കൊണ്ടാണെന്ന് വിനയന് മറുപടി പറഞ്ഞു.
‘സാരമില്ല, അത് ഒരു പുതിയ ചെറുപ്പക്കാരന്റെ ഉള്ളിലെ തീയാണ്. കഴിഞ്ഞ എട്ട് പത്ത് വര്‍ഷങ്ങളായി സിനിമാ മേഖലയിലുള്ള എന്റെ സുഹൃത്തുക്കളുമായി പ്രശ്നമുണ്ടാക്കി മാറി നിന്ന ആളാണ് ഞാന്‍. എന്റെ വാശിയ്ക്ക് ഞാനും ഒന്നും വിട്ടുകൊടുത്തില്ല. ആരുമില്ലാതെ സിനിമ എടുത്തു. വലിയ ടെക്നിക്കല്‍ ടീമോ അഭിനേതാക്കളോ ഇല്ലാതെ. സിജു അത്ഭുത ദ്വീപിലേക്കും ദാദാ സാഹിബിലേക്കും രാക്ഷസരാജാവിലേക്കുമൊന്നും പോയില്ല. അതായിരിക്കും ആശങ്കയ്ക്ക് കാരണം. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ മറ്റൊരു ആളാക്കി മാറ്റുമെന്ന് ഞാന്‍ പറഞ്ഞിരുന്നു’- വിനയന് പറഞ്ഞു.
സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ താരനിയാണുള്ളത്. വിനയൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, വിഷ്ണു വിനയൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ദീപ്തി സതി, സെന്തിൽ, മണികണ്ഠൻ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവർക്കൊപ്പം നിർമ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്സ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്.
