രാജ്യത്തെ ജനകീയ ഷിയ നേതാവ് മുഖ്തദ അല്‍ സദര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും പാര്‍ട്ടി പിരിച്ചു വിടുന്നതായും പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖില്‍ വന്‍ ജനകീയ പ്രക്ഷോഭം. സദര്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സദര്‍ അനുകൂലികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയുടെ നടപടികളില്‍ പ്രതിഷേധിച്ച് സദര്‍ നിരാഹാര സമരം തുടങ്ങിതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള സുരക്ഷാ സേനയുടെ നടപടി അവസാനിപ്പിക്കണമെന്ന് സദര്‍ ആവശ്യപ്പെട്ടു. തെരുവില്‍ പ്രതിഷേധം തുടരുന്നതിനാല്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാഖിലെ വളരെ ശക്തനായ ഷിയാ പുരോഹിതനാണ് മുഖ്തദ അല്‍ സദര്‍. ഒരിക്കല്‍ അമേരിക്കന്‍ ഇറാഖ് ഗവണ്‍മെന്റ് സുരക്ഷാ സേനയ്ക്കെതിരെ സൈനിക നീക്കം നടത്തിയ വ്യക്തിയാണിദ്ദേഹം. താന്‍ എന്നന്നേയ്ക്കുമായി രാഷ്ട്രീയം വിടുകയാണെന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇറാഖ് രാഷ്ട്രീയത്തില്‍ വളരെ ശക്തനായ നേതാവാണ് മുഖ്തദ.
സദറിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച ജനങ്ങള്‍ ഇറാഖ് സര്‍ക്കാരിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സദറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനായിരുന്നു ഏറ്റവും കൂടുതല്‍ സീറ്റ്. എന്നാല്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ സഖ്യം പരാജയമായതിനെ തുര്‍ന്ന് പാര്‍ട്ടിയിലെ എല്ലാ സാമാജികരും രാജി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ സദര്‍ പക്ഷത്തെ മുസ്തഫ അല്‍ഖാദിമിയാണ് കാവല്‍ പ്രധാനമന്ത്രി.
