സെപ്റ്റംബര്‍ 11, ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണം നടന്ന ദിനമാണിന്ന്. ലോകത്തെ നടുക്കിയ 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 21 വയസ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതുപോലൊരു സെപ്റ്റംബര്‍ പതിനൊന്നാം തീയതിയാണ് ലോക വ്യാപാര തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങള്‍ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തില്‍ തകര്‍ന്നു വീണത്. മൂവായിരത്തോളം ആളുകളാണ് അന്നു നാലു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്.
അമേരിക്കന്‍ സമയം രാവിലെ 8.46നായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ ടവറുകളില്‍ ഒന്നിലേക്ക് ആദ്യ വിമാനം ഇടിച്ചിറങ്ങിയത്. 110 നിലകളില്‍ ഒന്നിന്റെ എണ്‍പതാം നിലയിലേക്കായിരുന്നു വെടിയുണ്ടപോലെ വിമാനം തറഞ്ഞുകയറിയത്. നിയന്ത്രണം വിട്ടതാകാം എന്ന് സംശയിക്കുന്നതിനിടെ 9.03 ന് രണ്ടാമത്തെ വിമാനവും ഇടിച്ചിറക്കി. 9.37ന് മൂന്നാമത്തെ വിമാനം പ്രതിരോധ ആസ്ഥാനമായ പെന്റഗണിനു സമീപവും 10.03ന് മറ്റൊരു വിമാനം പെന്‍സില്‍വാനിയയിലെ മൈതാനത്തും തകര്‍ന്ന് വീണു. 77 രാജ്യങ്ങളില്‍ നിന്നുളള 2977 പേരാണ് അന്ന് ആക്രമണില്‍ കൊല്ലപ്പെട്ടത്.

ജര്‍മനിയിലെ ഹാംബര്‍ഗില്‍നിന്നാണു 9/11 ആക്രമണത്തിലെ പൈലറ്റുമാരായിരുന്ന ഭീകരര്‍ എത്തിയത്. മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരനായിരുന്നു ഇതില്‍ പ്രധാനി. മധ്യപൂര്‍വ മേഖലയില്‍ നിന്നു ജര്‍മനിയിലെത്തി താമസിച്ചിരുന്ന ഇവര്‍ ബിന്‍ ലാദനില്‍ ആകൃഷ്ടരാകുകയും 1999 ല്‍ അഫ്ഗാനിസ്ഥാനിലെത്തുകയും ചെയ്തു. ആ സമയത്ത് 9/11 ഭീകരാക്രമണത്തിന്റെ കരടുരൂപം അഫ്ഗാനില്‍ ഉടലെടുക്കുകയായിരുന്നു. പാശ്ചാത്യ രീതികളും സാങ്കേതികവിദ്യകളും പരിചയമുള്ള ഇവര്‍ തന്നെയാണ് ഈ ആക്രമണം നയിക്കാന്‍ മികച്ചതെന്ന് ലാദന്‍ കണക്കുകൂട്ടി. മുഹമ്മദ് ആറ്റയെ സംഘത്തലവനായി അവരോധിച്ചു. ഇവര്‍ക്കൊപ്പം മറ്റു ചിലര്‍ കൂടി ചേര്‍ന്നതോടെ 19 അംഗ സംഘം വിമാനറാഞ്ചാന്‍ തയ്യാറായി.
സെപ്റ്റംബര്‍ 11 ന് ഭീകരര്‍ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ നിന്നായി 4 വിമാനങ്ങള്‍ റാഞ്ചി. ബോസ്റ്റണില്‍ നിന്നുള്ള ആദ്യ വിമാനം രാവിലെ എട്ടരയോടെ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിലേക്ക് ഇടിച്ചുകയറി. എന്നാല്‍ വിമാനാപകടം നടന്നതായാണ് ആളുകള്‍ക്കു തോന്നിയത്.

എന്നാല്‍ ആദ്യവിമാനം ഇടിച്ച് 17 മിനിറ്റുകള്‍ക്കു ശേഷം സൗത്ത് ടവറിലേക്ക് ബോസ്റ്റണില്‍ നിന്നുള്ള മറ്റൊരു വിമാനമായ യുണൈറ്റഡ് എയര്‍ലൈന്‍സ് 175 കൂടി ഇടിച്ചു കയറിയതോടെ ഇത് അമേരിക്കയ്ക്ക് നേരെ ഉണ്ടായ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് മനസിലായി. ഇതിനിടെ അമേരിക്കന്‍ പ്രതിരോധത്തിന്റെ സിരാകേന്ദ്രമായ പെന്റഗണിലും ആക്രമണം നടന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ് 77 എന്ന വിമാനമായിരുന്നു പെന്റഗണില്‍ ഇടിച്ചിറങ്ങിയത്.
രാവിലെ പത്തുമണിയോടെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറും അരമണിക്കൂറിനു ശേഷം നോര്‍ത്ത് ടവറും വീണു. പുകയും പൊടിയും ചാരവും ന്യൂയോര്‍ക്കില്‍ മേഘങ്ങള്‍ പോലെ ഉയര്‍ന്നുപൊങ്ങി. 2750 പേര്‍ ന്യൂയോര്‍ക്കിലും, 184പേര്‍ പെന്റഗണിലും 40 പേര്‍ പെന്‍സില്‍വേനിയയിലും മരിച്ചെന്നാണു കണക്ക്. ആക്രമണത്തിനു വന്ന 19 ഭീകരരും കൊല്ലപ്പെട്ടു.

ലോകംകണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു മൂവായിരത്തോളം പേരുടെ ജീവനെടുത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിന്‍ ലാദന്‍ പിന്നീടത് നിഷേധിക്കുകയായിരുന്നു.
