കാട്ടിനുള്ളിലൊരു കൂറ്റൻ കോഴി. ഒറ്റനോട്ടത്തിൽ അതാണ് ഇന്തോനേഷ്യയിലെ ചിക്കൻ ചർച്ച്. വാസ്തുവിദ്യയിലെ വൈവിധ്യമാണ് ദേവാലയത്തിന്‍റെ മുഖ്യ ആകർഷണം. അത് മാത്രമല്ല വിചിത്രമായൊരു കഥയും പറയാനുണ്ട് ഈ ചിക്കൻ ചർച്ചിന്.
ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപായ ജാവ. അവിടത്തെ കൊടുംകാട്ടിലാണ് കോഴിയുടെ ആകൃതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ദേവാലയം. ഗെരേജ അയം എന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്. എല്ലാ മതസ്ഥർക്കും സ്വാഗതമോതുന്ന ഒരിടം കൂടിയാണിത്.
1980 കളുടെ അവസാനകാലം. ഡാനിയൽ അലാംജാജെ എന്ന വ്യക്തി മുന്നോട്ട് വച്ച ആശയമായിരുന്നു ഇങ്ങനെയൊരു ദേവാലയം പണികഴിപ്പിക്കുക എന്നത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായിരുന്നു പള്ളിയുടെ രൂപമായി അലാംജാജെയുടെ മനസിൽ. പക്ഷേ പണി ഓരോ ഘട്ടം പൂർത്തിയാകുന്തോറും പ്രാവിന്‍റെ രൂപത്തിനേക്കാളേറെ സാദൃശ്യം കോഴിയുമായി. ആളുകൾ ചിക്കൻ ചർച്ചെന്ന് വിളിപ്പേരുമിട്ടു.
മാനസിക വൈകല്യമുള്ള കുട്ടികൾക്കും അശരണർക്കുമെല്ലാമുള്ള അഭയകേന്ദ്രം കൂടിയായിട്ടാണ് പള്ളി പണി തുടങ്ങിയത്. എന്നാൽ നിർമാണച്ചെലവ് അധികമായതോടെ പണി പൂർത്തിയാക്കലും പാതിവഴിയിൽ മുടങ്ങി. ഇന്നും പണിതീരാത്ത കെട്ടിടമായി അവശേഷിക്കുന്നു ഈ ദേവാലയം.