പ്രകൃതിയുടെ മനോഹാരിതയിൽ, മഴ നനഞ്ഞും, മഞ്ഞിൽ കുളിച്ചും, മനം നിറഞ്ഞും ഒഴിവുസമയം ആസ്വദിക്കാൻ പറ്റിയ ഏറുമാടങ്ങളില്ലേ? മരത്തിന് മുകളിൽ കെട്ടി ഉണ്ടാക്കുന്ന കുഞ്ഞൻ വീടുകൾ. അതുപോലെ ഒന്നുണ്ട് അങ്ങ് തായ്വാനിൽ. മരത്തിന്‍റെ വേരുകൾ കൊണ്ട് നിർമിച്ച വീട്.
തായ്‌വാനിലെ തായ്നാന്‍ പ്രവിശ്യയിലുള്ള ആന്‍പിങ് ജില്ലയില്‍ ആണ് ലോകപ്രശസ്തമായ ഈ വീട്. ആന്‍പിങ് ട്രീ ഹൗസ്’ എന്നാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ വെയര്‍ഹൗസ് അറിയപ്പെടുന്നത്. പണ്ടെപ്പോഴോ ഉപേക്ഷിക്കപ്പെട്ടതായിരുന്നു ഈ കെട്ടിടം. പിന്നീട് ആല്‍മരത്തിന്‍റെ വേരുകളും കൊമ്പുകളും കെട്ടിടമാകെ പടര്‍ന്നു കയറി. പിന്നീട് ഇവിടെയെത്തുന്നവർക്കെല്ലാം ഈ കെട്ടിടം ഒരു കൗതുകമാണ്.
പുറത്തുനിന്നു നോക്കിയാൽ മരത്തിന്‍റെ വേരുകള്‍ കൊണ്ട് നിര്‍മിച്ച ഒരു കെട്ടിടമെന്നേ പറയൂ. ആന്‍പിങ്ങിലെത്തുന്ന സഞ്ചാരികൾ ഇവിടെ സന്ദർശനം നടത്താതെ മടങ്ങാറില്ല. ഇനി വിശാലമായി ഈ വീട് ചുറ്റിനടന്ന് കാണണമെന്നുണ്ടെങ്കിൽ അതിനായി ഒരു സ്കൈവേയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
ചൈനയിലെ അവസാന രാജവംശമായിരുന്ന ചിങ്, രാജ്യാന്തര വ്യാപാരത്തിനായി തുറന്ന തുറമുഖങ്ങളില്‍ ഒന്നായിരുന്നു ആന്‍പിങ്. അന്നത്തെ വ്യാപാരക്കമ്പനികളില്‍ ഒന്നായിരുന്ന ടെയ്റ്റ് ആന്‍ഡ് കമ്പനി 1867 ല്‍ കയറ്റുമതിക്ക് മുമ്പ് സാധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണ്‍ എന്ന നിലയിൽ പണികഴിപ്പിച്ചതാണ് ഈ കെട്ടിടം. എന്നാൽ പിന്നീട് വിദേശ വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ടെയ്റ്റ് ആന്‍ഡ് കമ്പനി ഉൾപ്പെടെയുള്ളവര്‍ക്ക് തായ്‌വാനിൽ നിന്ന് പുറത്തുപോകേണ്ടിവന്നു. അങ്ങനെയാണ് ഈ വെയര്‍ഹൗസ് ഉപേക്ഷിക്കപ്പെടുന്നത്.
1981 ൽ കെട്ടിടത്തിൽ ചെറിയ മിനുക്കുപണികളൊക്കെ നടത്തി. കൂടുതൽ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുക എന്ന ഉദ്ദേശത്തോടെ കെട്ടിടത്തിനു മുകളിലേക്ക് കയറാന്‍ പാകത്തിന് മരങ്ങളും മെറ്റൽ പടികളും സന്ദർശകർക്ക് മുഴുവൻ പ്രദേശങ്ങളും കാണാനാവുന്ന പ്ലാറ്റ്ഫോമുകളും എല്ലാം നിർമിച്ചു. 2004 ൽ ആണ് ‘ആൻപിങ് ട്രീ ഹൗസ്’പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.