അഖില സുരേഷ്
കമൽഹാസൻ നായകനായ സൂപ്പർഹിറ്റ് ചിത്രം വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ആണ് സിനിമാലോകത്തെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ചിത്രം ഒരുങ്ങുന്നത് ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിൽ തമിഴിലെ മുൻനിര യുവതാരമായ വിശാലും അഭിനയിച്ചേക്കുമെന്ന സംശയം ബലപ്പെടുകയാണ്.
ആദിക് രവിചന്ദർ ഒരുക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ ലോകേഷ് കനകരാജ് സന്ദർശിച്ചുമടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.
നേരത്തേ സുപ്രധാനമായ വേഷത്തിലേക്ക് പൃഥ്വിരാജിനേയും പരിഗണിച്ചിരുന്നു. മാത്യു തോമസാണ് ചിത്രത്തിലെ മലയാളി സാന്നിധ്യം. സഞ്ജയ് ദത്താണ് വില്ലൻ വേഷത്തിൽ.
വിക്രം എന്ന മെഗാഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 67. മാസ്റ്റർ ആയിരുന്നു ലോകേഷ് വിജയിയെ നായകനാക്കി ഒരുക്കിയ ആദ്യചിത്രം. നിലവിൽ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇതിന്റെ പ്രചാരണപരിപാടികൾ പൂർത്തിയാക്കിയ ശേഷം ദളപതി 67 ചിത്രീകരണം തുടങ്ങും. പൊങ്കൽ റിലീസ് ആയി ജനുവരിയിൽ ആണ് വാരിസിന്റെ റിലീസ്.
