മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി നാഗ്ഭിദ് തഹസിലിലെ സത്ബാഹിനിയിലാണ് സംഭവം.
ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ പരിക്കേറ്റ നാല് പേര് നാഗ്പൂരില്‍ ചികിത്സയിലാണെന്ന് ബ്രഹ്മപുരി ഡിവിഷനിലെ മുതിര്‍ന്ന ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള സത്ബാഹിനി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ ആറംഗ സംഘം വൈകുന്നേരം തേനീച്ചക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു.
രണ്ട് പേരെ കാണാതായതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ഇവരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി, മറ്റൊരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചുവെന്ന് ബ്രഹ്മപുരി ഡിവിഷന് അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസര്‍ കെ ആര് ധോണ്ടനെ പറഞ്ഞു.
തേനീച്ചകളുടെ ആക്രമണത്തെ തുടര്‍ന്ന് ഇരുട്ടായാല്‍ വനാതിര്‍ത്തിയിലുള്ള ക്ഷേത്രത്തില്‍ വിനോദസഞ്ചാരികളെ വിലക്കിയിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോര്‍ഡും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
