ആഴ്ചയിൽ നാലു ദിവസം ജോലി എന്ന മോഡൽ ബഹുഭൂരിപക്ഷം കനേഡിയന്മാരും ഇഷ്ടപ്പെടുന്നതായി പുതിയ സർവ്വേ. റിക്രൂട്ടിംഗ് പ്ലാറ്റ്ഫോമായ Talent.com കാനഡ നടത്തിയ സർവ്വേ പ്രകാരം ഈ രീതിയിൽ താൽപര്യമുണ്ടെന്ന് 93 ശതമാനം പേരും വെളിപ്പെടുത്തി. 57 ശതമാനം കനേഡിയന്മാർ അവരുടെ കമ്പനി വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന മികച്ച മൂന്ന് പ്രൊഫഷണൽ ആനുകൂല്യങ്ങളിൽ ഈ ആശയം ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചതായും സർവ്വേ കണ്ടെത്തി.
ആഴ്ചയിൽ നാലു ദിവസം ജോലി എന്ന മോഡൽ പരീക്ഷിച്ചതിലൂടെ ജീവനക്കാരുടെ ഉൽപാദനക്ഷമത വർദ്ധിച്ചതായും സർവ്വേ കണ്ടെത്തി. എല്ലാ പ്രവൃത്തി ദിവസങ്ങളിലും തങ്ങൾ ഒരുപോലെ ഉൽപ്പാദനക്ഷമതയുള്ളവരല്ലെന്ന് സർവ്വേയിൽ പ്രതികരിച്ച കനേഡിയന്മാരിൽ ഭൂരിപക്ഷവും പറഞ്ഞു. ഈ മോഡൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തൽ, അമിത സമ്മർദ്ദം അനുഭവപ്പെടുന്നത് കുറയ്ക്കുക തുടങ്ങിയവ ഉൾപ്പെടുന്നു.
ആഴ്ചയിൽ നാലു ദിവസം ജോലി എങ്ങനെ നടപ്പിലാക്കും എന്നതിയിൽ പ്രതികരിച്ചവരിൽ പകുതിയും ആഴ്ചയിൽ 36 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. സർവേയിൽ പങ്കെടുത്ത പലരും ഇപ്പോഴും എട്ട് മണിക്കൂർ ജോലി ചെയ്യുന്ന ഒരു മോഡലാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, കുറച്ച് മണിക്കൂർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മിക്കവരും ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറല്ലെന്നും സർവ്വേയിൽ പ്രതികരിച്ചു.
സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ആഴ്ചയിൽ നാലു ദിവസം ജോലി എന്ന മോഡൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞെങ്കിലും, തങ്ങൾക്കും ആശങ്കകളുണ്ടെന്നും കൂട്ടിച്ചേർത്തു. 10 കനേഡിയൻമാരിൽ എട്ട് പേരും ഈ ആശയത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട് – പ്രത്യേകിച്ച് ചെറുപ്പക്കാരായ തൊഴിലാളികൾ.
48 ശതമാനം ജീവനക്കാരും ഇത്തരം ഒരു രീതി പരീക്ഷിക്കുന്നതിലൂടെ കുറഞ്ഞ വേതനം ലഭിക്കുമെന്ന ആശങ്കയാണ് പങ്കുവെയ്ക്കുന്നത്. കൂടാതെ 29 ശതമാനം പേർ അധിക വേതനമില്ലാതെ ഓവർടൈം ജോലി ചെയ്യേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നു.
