Wednesday, September 2, 2026

പെട്രോൾ-ഡീസൽ നികുതി ഇളവ് നീട്ടി കാനഡ; 2027 ജനുവരി 31 വരെ തുടരും

ഓട്ടവ: കാനഡയിൽ ജനങ്ങൾക്ക് വലിയ ആശ്വാസമേകി താൽക്കാലിക ഇന്ധന നികുതി ഇളവ് പുതുവർഷത്തിലേക്കും നീട്ടാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് നിലവിലുള്ള നികുതി ആനുകൂല്യങ്ങൾ 2027 ജനുവരി 31 വരെ തുടരും. രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും രാജ്യാന്തര വിപണിയിലെ ഇന്ധനവിലയിലെ അസ്ഥിരതയും കണക്കിലെടുത്താണ് ലിബറൽ സർക്കാരിന്റെ ഈ നിർണായക തീരുമാനം.

ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ ആണ് കാലാവധി നീട്ടിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യഥാർത്ഥത്തിൽ വരുന്ന സെപ്റ്റംബർ 7-ലെ ലേബർ ഡേയോട് കൂടി അവസാനിക്കേണ്ടിയിരുന്ന ഇളവുകളാണ് ഇപ്പോൾ അടുത്ത വർഷം ജനുവരി അവസാനം വരെ നീട്ടിയിരിക്കുന്നത്. നികുതി പുനഃസ്ഥാപിക്കുന്നതിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഇളവ് ഘട്ടംഘട്ടമായി പിൻവലിക്കുന്ന രീതിയിലായിരിക്കും പുതിയ പദ്ധതി.പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ ഏപ്രിലിലാണ് ഈ താൽക്കാലിക നികുതി ഇളവ് ആദ്യമായി പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളും യു.എസുമായുള്ള വ്യാപാര തർക്കങ്ങളും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാനാണ് പുതിയ നീക്കം.

നികുതി ഇളവ് നിരക്കുകൾ:

പെട്രോളിന് ലിറ്ററിന് 10 സെന്റും ഡീസലിന് ലിറ്ററിന് 4 സെന്റും വീതം നികുതി ഇളവ് ജനുവരി 31 വരെ തുടരും. ഏവിയേഷൻ ഇന്ധനങ്ങൾക്കുള്ള നികുതി ഒഴിവാക്കലും നീട്ടിയിട്ടുണ്ട്.

ഇന്ധന നികുതി ഇളവ് കൂടുതൽ കാലത്തേക്ക് തുടരണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊയ്ലീവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞത് 2027 കാനഡ ഡേ വരെയെങ്കിലും പെട്രോളിനുള്ള എല്ലാ നികുതികളും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഗ്യാസ്, ഡീസൽ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കുന്നതിനൊപ്പം ക്ലീൻ എനർജി റെഗുലേഷനും ഇൻഡസ്ട്രിയൽ കാർബൺ ടാക്സും സ്ഥിരമായി പിൻവലിക്കണമെന്നും പൊയ്ലീവർ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇന്ധനവില ഉയരുന്നതിന്റെ ആഘാതം കുറയ്ക്കാൻ ഫെഡറൽ ഗ്യാസ് നികുതി ഇളവ് വർഷാവസാനം വരെ നീട്ടണമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!