ബ്രിട്ടീഷ് കൊളംബിയയിൽ വരും ദിവസങ്ങളിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നതോടെ പ്രവിശ്യയുടെ ഉൾപ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളിൽ മഞ്ഞ് ഉരുകുന്നത് മൂലം നദികളിലെ ജലനിരപ്പ് ഉയരുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. പകൽസമയത്തെ താപനില 10 മുതൽ 15 ഡിഗ്രി വരെ കൂടുതലാണെന്നും രാത്രിയിൽ ചെറിയ ആശ്വാസം പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ജലനിരപ്പ് ഉയർന്നതോടെ ഡീൻ, ബെല്ല കൂള നദികൾക്കായി ഉയർന്ന സ്ട്രീം ഫ്ലോ അഡൈ്വസറി നൽകിയതായി പ്രൊവിൻഷ്യൽ റിവർ ഫോർകാസ്റ്റ് സെന്റര് അറിയിച്ചു. ഇവിടങ്ങളിൽ വെള്ളം അതിവേഗം ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ വലിയ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നില്ലെന്നും പ്രൊവിൻഷ്യൽ റിവർ ഫോർകാസ്റ്റ് സെന്റര് വ്യക്തമാക്കി.
ചൂട് കൂടിയതോടെ ഇന്നലെ പീസ് റിവർ റീജിയണിൽ കാട്ടുതീ വ്യാപിച്ചതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് ഡോണി ക്രീക്ക്, ടോമി ലേക്ക് തുടങ്ങിയ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കാട്ടുതീ പടർന്നതോടെ സ്റ്റോഡാർട്ട് ക്രീക്കിന് സമീപമുള്ള ഡസൻ കണക്കിന് വസ്തുവകകളിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. എന്നാൽ, ഈ പ്രദേശങ്ങളിൽ ജനവാസം കുറവാണെന്നും പ്രധാനമായും വനം, എണ്ണ, വാതക തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു.