ഒട്ടാവ : വിൻഡ്‌സറിലെ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മാണം പുനരാരംഭിക്കുമെന്ന് സ്റ്റെല്ലാന്റിസും എൽജി എനർജി സൊല്യൂഷനും അറിയിച്ചു. ഫെഡറൽ, ഒന്റാരിയോ സർക്കാരുകളുമായി “ബൈൻഡിംഗ്” ഫിനാൻസിംഗ് കരാറിൽ എത്തിയതോടെയാണ് നെക്സ്റ്റ്സ്റ്റാർ എനർജി എന്ന് വിളിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം ഉടനടി പുനരാരംഭിക്കുന്നതെന്ന് ഇരുകമ്പനികളും പ്രസ്താവനയിലൂടെ അറിയിച്ചു.
2022 ലെ വസന്തകാലത്ത് പ്രഖ്യാപിച്ച പ്ലാന്റ് നിർമ്മാണച്ചെലവിലേക്ക് 500 മില്യൺ ഡോളർ വീതം ഫെഡറൽ, ഒന്റാരിയോ സർക്കാരുകൾ നിക്ഷേപിക്കും.

സർക്കാർ ധനസഹായ ചർച്ചകൾക്കായി രണ്ട് കമ്പനികളും ഈ വർഷം ആദ്യം പ്ലാന്റ് നിർമ്മാണം നിർത്തിയിരുന്നു.
ഒൻ്റാരിയോയിലെ സെന്റ് തോമസിൽ നിർമ്മിക്കുന്ന പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ബാറ്ററികൾക്ക് 13 ബില്യൺ ഡോളർ വരെ പ്രൊഡക്ഷൻ സബ്‌സിഡി നൽകുന്നതിന് ഫോക്‌സ്‌വാഗനുമായി മാർച്ചിൽ ഫെഡറൽ സർക്കാർ ഒരു കരാറിൽ എത്തിയിരുന്നു. തങ്ങളുടെ പ്ലാന്റിനും സമാനമായ കരാർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റെല്ലാന്റിസും എൽജി എനർജിയും അറിയിച്ചു.
