ഹാലിഫാക്സ് : ചൊവ്വാഴ്ച ഹാലിഫാക്സിൽ പുതിയ മാനസികാരോഗ്യ കേന്ദ്രം തുറന്നു. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ആരോഗ്യ പരിരക്ഷ നിഷേധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഡൽഹൗസി സർവകലാശാലയുടെ സഹകരണത്തോടെ നോവസ്കോഷ ഗവൺമെന്റ് പുതിയ മാനസികാരോഗ്യ കേന്ദ്രം ആരംഭിക്കുന്നതെന്ന് മന്ത്രി ബ്രയാൻ കോമർ അറിയിച്ചു.
കേന്ദ്രത്തിനായി മൂന്ന് വർഷത്തേക്ക് 4.5 ദശലക്ഷം ഡോളർ ചിലവഴിക്കുമെന്ന് ബ്രയാൻ കോമർ പറഞ്ഞു. ക്ലിനിക്കിൽ ഏഴ് പാർട്ട് ടൈം, രണ്ട് ഫുൾടൈം രജിസ്റ്റർ ചെയ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ജോലി ചെയ്യും. കൂടാതെ 30 മുതൽ 40 വരെ ക്ലിനിക്കൽ സൈക്കോളജി പിഎച്ച്ഡി വിദ്യാർത്ഥികളും ക്ലിനിക്കിൽ ഓരോ വർഷവും ജോലി ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഡൽഹൗസി സെന്റർ ഫോർ സൈക്കോളജിക്കൽ ഹെൽത്ത് വഴി കൂടുതൽ ആളുകൾക്ക് മാനസികാരോഗ്യ പരിചരണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മാനസിക ആരോഗ്യ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ തടസ്സങ്ങൾ നേരിടുന്നവർക്ക് മാനസികാരോഗ്യ കേന്ദ്രത്തിൽ മുൻഗണന ഉറപ്പുവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
