Saturday, September 5, 2026

CEBA വായ്പ; ക്യുബെക്ക് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടൽ ഭീഷിണിയിൽ

CEBA loan; Quebec restaurants in danger of closing

ക്യൂബെക്ക് സിറ്റി : കോവിഡ് മഹാമാരിക്കാലത്ത് ഫെഡറൽ ഗവൺമെന്റിൽ നിന്ന് ലഭിച്ച വായ്പ സമയപരിധിക്കുള്ളിൽ തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്ന് ക്യുബെക്കിലെ പല റെസ്റ്റോറന്റുകളുടെയും ഉടമകൾ പറയുന്നു. തിരിച്ചടവ് സമയപരിധി അടുത്തിരിക്കുന്നതിനാൽ, പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷിണിയിലാണ്.

പ്രവിശ്യയിലെ 80 ശതമാനം റെസ്റ്റോറന്റുകളും കാനഡ എമർജൻസി ബിസിനസ് അക്കൗണ്ട് (CEBA) വായ്പ എടുത്തിട്ടുണ്ടെന്നും അവയിൽ മൂന്നിൽ രണ്ട് പേരും ഇതുവരെ ഒരു പേയ്‌മെന്റ് പോലും തിരിച്ചടച്ചിട്ടില്ലെന്നും ക്യുബെക്ക് റെസ്റ്റോറന്റ് അസോസിയേഷൻ പറയുന്നു.

കോവിഡ് മഹാമാരിയെ നേരിടാൻ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് 60,000 ഡോളർ വരെ വായ്പ ലഭിച്ചിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 31 ആയിരുന്നു. എന്നാൽ, ഫെഡറൽ ഗവൺമെന്റ് അടുത്തിടെ സമയപരിധി 2024 ജനുവരി 18 വരെ നീട്ടിയിട്ടുണ്ട്. ആ സമയപരിധിക്കുള്ളിൽ വായ്പ തിരിച്ചടക്കുന്നവർക്ക് ഇളവ് ലഭിക്കും.

എന്നാൽ, തിരിച്ചടവ് കാലാവധി നീട്ടിയത് പ്രതിസന്ധിയിൽ മാറ്റം വരുത്തുന്നില്ലെന്നും തൊഴിലാളി ക്ഷാമവും ഉയരുന്ന ചെലവുകളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ റെസ്റ്റോറന്റ് ഉടമകൾ നേരിടുന്നുണ്ടെന്ന് ക്യുബെക്ക് റെസ്റ്റോറന്റ് അസോസിയേഷൻ പറയുന്നു. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ പ്രവിശ്യയിലുടനീളം 4,000-ത്തോളം റെസ്റ്റോറന്റുകൾ അടച്ചുപൂട്ടിയതായി അസോസിയേഷൻ അറിയിച്ചു.

കോവിഡ് മഹാമാരിക്ക് മുമ്പ് ഏകദേശം 21,000 റെസ്റ്റോറന്റുകൾ ഉണ്ടായിരുന്നത് ഇപ്പോൾ ഏകദേശം 17,000 ആയി കുറഞ്ഞതായി അസോസിയേഷൻ വക്താവ് ഡൊമിനിക് ട്രെംബ്ലേ പറഞ്ഞു.

ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ CEBA വായ്പ ധനകാര്യ സ്ഥാപനവുമായി റീഫിനാൻസ് ചെയ്യാൻ കഴിയുമെങ്കിൽ മാർച്ച് 28 വരെ സർക്കാർ ബദൽ സമയപരിധി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, വായ്പ തിരിച്ചടവ് കാലാവധി ഒരു വർഷത്തേക്ക് കൂട്ടി നൽകണമെന്ന് ക്യുബെക്ക് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!