ഹമാസുമായുളള പോരാട്ടം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരുവശത്തുമായി മരണം 2,800 കവിഞ്ഞു. ഹമാസിന്റെ ആക്രമണത്തില്‍ 27 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 1,300-ലധികം പേര്‍ കൊല്ലപ്പെടുകയും 3,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കാണാതായവരില്‍ 14 യുഎസ് പൗരന്മാരുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 447 കുട്ടികള്‍ ഉള്‍പ്പെടെ 1,537 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടു, 6,600 ലധികം പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതെസമയം ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടരുകയാണ്. ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ 150 പേരെ മോചിപ്പിക്കുന്നതുവരെ ഉപരോധം പിന്‍വലിക്കില്ലെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസ സിറ്റിയിലെ ഷാതി അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ന്നു. ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ നടത്തിയ ബോംബാക്രമണത്തിന്റെ തിരിച്ചടിയായിരുന്നു ഇത്.

ഒക്ടോബര്‍ 12 മുതല്‍ ഓരോ 30 സെക്കന്‍ഡിലും ഇസ്രായേല്‍ പീരങ്കികള്‍ കൊണ്ട് ഗാസ മുനമ്പില്‍ വെടിയുതിര്‍ക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 4,000 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ഏകദേശം 6,000 യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഗാസയില്‍ ബോംബാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും പലായനം ചെയ്ത 400,000 വരുന്ന പാലസ്തീനികള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ പരിഹരിക്കാന്‍ 294 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്.