Friday, March 20, 2026

എന്റെ ഫോട്ടോ നിർബന്ധം ലെെഫിനും കുരുക്കിട്ട് കേന്ദ്രം

പാവപ്പെട്ട വീടില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതിയായ ‘ലൈഫ്’ ഭവനപദ്ധതിയിലും കുരുക്കിട്ട് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.)യിൽ അനുവദിക്കുന്ന ധനസഹായവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന വീടുകളിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം.

ലൈഫ് പദ്ധതിപ്രകാരം ഒരു വീട് നിർമ്മിക്കാൻ നാല് ലക്ഷം രൂപയാണ് കേരളം അനുവദിക്കുന്നത്.‌ ഇതിൽ ഗ്രാമീണമേഖലയിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് പി.എം.എ.വൈ. വഴിയുള്ള കേന്ദ്രവിഹിതം. പാർപ്പിടപദ്ധതിയിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് എന്നരീതിയിൽ ലോഗോയും പദ്ധതിയും പേരും ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം.

എന്നാൽ ഇത് പറ്റില്ലെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. സർക്കാർ സൗജന്യമായി നിർമിച്ചുനൽകിയ വീടാണെന്ന് തിരിച്ചറിയാത്തതരത്തിൽ പദ്ധതിനിർവഹണം നടത്തണമെന്നാണ് നയമെന്ന് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ, ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളിൽ സംസ്ഥാനസർക്കാരിന്റെ പേരോ ലോഗോയും ഒന്നും പ്രദർശിപ്പിക്കാറില്ല. ഇക്കാരണത്താൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് സർക്കാർ. പക്ഷേ, കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിൽ പി.എം.എ.വൈ. ലോഗോ ഇല്ലെങ്കിൽ പദ്ധതിക്കായി ലഭിക്കുന്ന കേന്ദ്രവിഹിതം മുടങ്ങും. പി.എം.എ.വൈ. പദ്ധതിയുടെ പേരുപയോഗിച്ചില്ലെന്ന കാരണത്താൽ ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും കേന്ദ്രസർക്കാർ പണം തടഞ്ഞുവെച്ചിരുന്നു.

ഇതിനുപുറമേ, ലൈഫ് പദ്ധതിയുടെ ചെലവിന്റെയും വായ്പയുടെയും വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ (എ.ജി.) സംസ്ഥാന സർക്കാരിന് കത്തയച്ചു. ലൈഫിന്റെ വായ്പയും സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തുമോ എന്നാണ് കേരളസർക്കാരിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ സംസ്ഥാന സർക്കരിന്റെ കടമെടുപ്പ് പരിധി ഇനിയും കുറയും. അത് വലിയ പ്രതിസന്ധി ഉണ്ടാക്കും. നേരത്തെ കിഫ്ബി വഴിയുള്ള കടമെടുപ്പ് പൊതുകടത്തിന്റെ കൂടെ ഉൾപ്പെടുത്തിയത് സംസ്ഥാന സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. രണ്ടുമാസംമുമ്പാണ് ലൈഫ് വായ്പയുടെ വിവരങ്ങളും മാനദണ്ഡങ്ങളുമൊക്കെ അറിയിക്കാൻ അസാധാരണമായി എ.ജി. ആവശ്യപ്പെട്ടത്. കിഫ്ബിയിലും പെൻഷൻ കമ്പനിയിലും സമാനമായിരുന്നു എ.ജി.യുടെ ഇടപെടൽ. ലൈഫ് വായ്പയും പൊതുകടത്തിൽ വരുത്താനുള്ള നീക്കമെന്നാണ് ധനവകുപ്പിന്റെ സംശയം. അങ്ങനെ വന്നാൽ, ലൈഫ് പദ്ധതിയും വൻ പ്രതിസന്ധിയിലാകും. പദ്ധതിൽ ഉൾപ്പെട്ട് വീടിനായി കാത്തുനിൽ‌ക്കുന്നവരുടെ സ്വപ്നങ്ങള്ക്ക് ഇത് വിലങ്ങുതടിയാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!