വിനിപെഗ് : മാനിറ്റോബയിൽ കോവിഡ്, സീസണൽ ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നതായി ഏറ്റവും പുതിയ പ്രൊവിൻഷ്യൽ റെസ്പിറേറ്ററി സർവൈലൻസ് റിപ്പോർട്ട്. പ്രത്യേകിച്ച് ബ്രാൻഡൻ, വിനിപെഗ് മേഖലകളിലാണ് കോവിഡ്, ഫ്ലൂ കേസുകളിൽ വർധന കണ്ടെത്തിയിരിക്കുന്നത്.
മാനിറ്റോബയിൽ കഴിഞ്ഞ ആഴ്‌ചയിൽ മൊത്തം 312 പുതിയ കോവിഡ് കേസുകൾ കണ്ടെത്തി. ഇതോടെ ജൂലൈ മുതൽ മൊത്തം പുതിയ കേസുകളുടെ എണ്ണം 2,604 ആയി. ഈ ആഴ്‌ചയിൽ പ്രവിശ്യയിലുടനീളം പ്രതിദിനം ശരാശരി 220 കോവിഡ് ടെസ്റ്റുകൾ നടത്തി. പോസിറ്റിവിറ്റി നിരക്ക് 28.2 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചില ഗുരുതരമായ കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. 12 പേർ ഐസിയുവിൽ ഉൾപ്പെടെ 78 പേരെ കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈയാഴ്ച കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു.

കോവിഡ് കേസുകൾക്കൊപ്പം മാനിറ്റോബയിൽ പനിബാധിതരുടെ എണ്ണവും വർധിച്ചുവരികയാണ്. ഈ ആഴ്ചയിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) കണ്ടെത്തലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഉയർന്നു.
മാനിറ്റോബയിൽ ഇൻഫ്ലുവൻസ എ കേസുകൾ ഈ ആഴ്ച 70 എണ്ണം വർധിച്ചു. ഇതോടെ കേസുകളുടെ എണ്ണം ജൂലൈ മുതൽ മൊത്തം 156 ആയി. ഇൻഫ്ലുവൻസ ബി യുടെ പുതിയ കേസുകളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 14 എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.