കേരളത്തില്‍ എച്ച്ഐവി രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍ എച്ച് ഐവി പോസിറ്റീവ് ആയത് 1,046 പേരാണ്.
ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുളള കണക്കുകള്‍ പ്രകാരം 13,54,875 പേരാണ് പരിശോധന നടത്തിയത്. ഇതില്‍ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്പത് ട്രാന്സ്ജെന്ഢറുകളും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം 103 പേരാണ് എച്ച്ഐവി പോസറ്റീവ് ആയത്. പ്രതിവര്‍ഷം 170-ഓളം പേരാണ് എച്ച്ഐവി ബാധിതരാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്സ് ബാധിതരായത് പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ്.

അതെസമയം പ്രായപൂര്‍ത്തിയായവരിലെ എച്ച്ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2025-ഓടെ പുതിയ എച്ച്ഐവി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരില്‍ ആരംഭിച്ചിട്ടുണ്ട്. 95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്. പോസിറ്റിവായ 95 ശതമാനം ആളുകളും അവരുടെ എച്ച്ഐവി അസ്ഥ തിരിച്ചറിയുകയെന്നതാണ് ഇതില്‍ ആദ്യത്തേത്.
