ടൊറൻ്റോ : ഒന്റാരിയോയിൽ കോവിഡ്, ഇൻഫ്ലുവൻസ അണുബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. കീരൻ മൂർ. ക്രിസ്തുമസ് അവധി എത്തുന്നതോടെ രണ്ട് വൈറസുകളും കൂടുതൽ പടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പ്രതിരോധ കുത്തിവയ്പ്പിന്റെ ഫലം പ്രാബല്യത്തിൽ വരാൻ ഏകദേശം 10 മുതൽ 14 ദിവസം വരെ എടുക്കുന്നതിനാൽ, ഒന്റാരിയോ നിവാസികൾക്ക് കോവിഡ്, ഇൻഫ്ലുവൻസ എന്നിവയ്ക്കെതിരെ വാക്സിനേഷൻ എടുക്കുന്നതിനുള്ള പ്രധാന ആഴ്ചയാണിതെന്നും ഡോ. കീരൻ മൂർ കൂട്ടിച്ചേർത്തു.

ഒന്റാരിയോ നിവാസികളിൽ 13 ശതമാനം പേർക്ക് മാത്രമേ ഏറ്റവും പുതിയ കോവിഡ് വകഭേദത്തിനെതിരെയുള്ള കോവിഡ് വാക്സിൻ ലഭിച്ചിട്ടുള്ളൂ. അതേസമയം 65 വയസും അതിൽ കൂടുതലുമുള്ളവരിൽ 40 ശതമാനം ആളുകൾക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മൂർ പറയുന്നു. ഈ കണക്കുകൾ പേടിപ്പെടുത്തുന്നതാണെന്നും കീരൻ മൂർ പറഞ്ഞു. കോവിഡ് വാക്സിനേഷൻ എടുക്കുന്ന ആളുകളുടെ നിരക്ക് മൂന്നാഴ്ച മുമ്പ് ഉയർന്നതായി അദ്ദേഹം പറയുന്നു.
എന്നാൽ നിലവിൽ പൊതുജനാരോഗ്യ നടപടികളൊന്നും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഡോ. കീരൻ മൂർ അറിയിച്ചു.