പുതിയ സാങ്കേതികവിദ്യയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവ ശ്രദ്ധയോടെ ഉപയോഗിച്ചാൽ വളരെ ഉപയോഗപ്രദമാണെന്നും അതെ സമയം ദുരുപയോഗം ചെയ്‌താൽ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. ജനറേറ്റീവ് എ ഐ -യുടെ സഹായത്തോടെ നിർമ്മിച്ച വീഡിയോകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
നിർമ്മിത ബുദ്ധിയുടെ സഹായത്താൽ സൂക്ഷ്മതയോടെ സൃഷ്ടിക്കുന്ന വീഡിയോകൾ യഥാർത്ഥമായി കാണപ്പെടുമെന്നും അതിനാൽ, ഒരു വീഡിയോയുടെയോ ചിത്രത്തിൻറെയോ ആധികാരികത വിശ്വസിക്കുന്നതിന് മുമ്പ് ശ്രദ്ധാലുവായിരിക്കണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. എ ഐയുടെ ആഗോള ചട്ടക്കൂടിന് ഇന്ത്യ ഊന്നൽ നൽകുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രശ്‌മിക മന്ദാനയും കജോളും ഉൾപ്പെടെ നിരവധി ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം. ഒരു വ്യക്തിക്ക് സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്ത് ആരെയും ആൾമാറാട്ടം നടത്താനും എന്തും പറയാനും അല്ലെങ്കിൽ യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നടന്നുവെന്ന് സമർഥിക്കാനും കഴിയുന്ന എ ഐ യുടെ സാദ്ധ്യതകൾ ആശങ്ക ഉയർത്തുന്നതാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.