ടൊറൻ്റോ : ടൊറൻ്റോയിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാത്രി കനത്ത മഞ്ഞുവീഴ്ച്ച അനുഭവപ്പെടുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. രണ്ട് സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു.
തണുത്തുറഞ്ഞ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്. തണുപ്പുള്ള മഴ രാത്രിയിൽ ആരംഭിച്ച് ശനിയാഴ്ച രാവിലെ വരെ തുടരുമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
![](http://mcnews.ca/wp-content/uploads/2023/07/Royal-LePage-JoJu-Augustine-5.jpg)
മിസ്സിസ്സാഗ, ബ്രാംപ്ടൺ, യോർക്ക്, ദുർഹം മേഖലകളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. ഒന്റാരിയോ തടാകത്തിന് സമീപമുള്ള പ്രദേശങ്ങളിൽ താപനില ഉയർന്ന നിലയിലായിരിക്കുമെന്നതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡ അഭിപ്രായപ്പെട്ടു. ശനിയാഴ്ച്ച താപനില 4 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടാതെ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
ക്രിസ്മസ് രാവിൽ, അന്തരീക്ഷം പ്രധാനമായും മേഘാവൃതമായിരിക്കും, ഉയർന്ന താപനില 7 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. മഞ്ഞുവീഴ്ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലവിൽ ഇല്ലെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തിങ്കളാഴ്ച കൂടിയ താപനില 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.