ടെൽ അവീവ്: ഗാസയിൽ ഹമാസിനെതിരായ പോരാട്ടം ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ലക്ഷ്യം നേടാൻ പൊരുതി മുന്നേറേണ്ടതുണ്ടെന്നും ഹലേവി പറയുന്നു.

” ഈ പോരാട്ടം മാസങ്ങളോളം നീണ്ടുനിന്നേക്കാം. ഇതുവരെയുള്ള നേട്ടങ്ങൾ ഏറെ നാളത്തേക്ക് നിൽക്കണമെങ്കിൽ വ്യത്യസ്തമായ രീതികൾ അവലംബിക്കേണ്ടതായി വരും. ഹമാസ് ഒരു ഭീകര സംഘടനയാണ്. അവരെ തകർക്കണമെങ്കിൽ അവിടെ കുറുക്കുവഴികൾ ഒന്നുമില്ല. അമാനുഷികമായ രീതികളിലൂടെ നമുക്ക് പരിഹാരം കണ്ടെത്താനും കഴിയില്ല. ഇനിയും ഒരാഴ്ചയോ മാസമോ എടുത്തായാലും ലക്ഷ്യം നേടുക എന്നത് മാത്രമാണ് പ്രധാനം.
നീണ്ട പോരാട്ടം ആയിരിക്കുമെന്ന് ആദ്യമേ തന്നെ പറഞ്ഞതിന് പിന്നിലെ കാരണവും അതാണ്. ദൂരെയുള്ള ലക്ഷ്യം സ്ഥാപിച്ചതിന് കാരണം ഒന്ന് മാത്രമാണ്, ആ ലക്ഷ്യത്തിലെത്താൻ ഞങ്ങൾക്ക് സാധിക്കുമെന്ന ഉറപ്പ്. ഇസ്രായേലിന് ചുറ്റും ഒരു ശത്രുവും ഇല്ലെന്ന് പറയാൻ സാധിക്കുമോ. പക്ഷ ഒരു സുരക്ഷാ സാഹചര്യം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതെന്നും” ഹലേവി പറയുന്നു.