റെജൈന : മൂന്ന് ദശലക്ഷത്തിലധികം കാനഡക്കാർ നിലവിൽ ശസ്ത്രക്രിയകൾക്കും ആരോഗ്യ സേവനങ്ങൾക്കുമായി കാത്തിരിക്കുന്നതായി പുതിയ റിപ്പോർട്ട്.
കാനഡയിലുടനീളം 631,527 പേരാണ് നിലവിൽ ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നതെന്ന് സസ്കാച്വാനിലെ റെജൈന ആസ്ഥാനമായുള്ള പബ്ലിക് പോളിസി തിങ്ക് ടാങ്കായ Secondstreet.org റിപ്പോർട്ട് ചെയ്തു. കൂടാതെ മൊത്തം 1,083,957 ആളുകൾ ആരോഗ്യ വിദഗ്ധനെ കാണാൻ കാത്തിരിക്കുന്നു. ഒപ്പം 1,419,369 താമസക്കാർ ഡയഗ്നോസ്റ്റിക് പരിചരണത്തിനായും കാത്തിരിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എന്നാൽ, പല പ്രവിശ്യകളും വെയ്റ്റ്ലിസ്റ്റ് ആളുകളെക്കുറിച്ചുള്ള പൂർണ്ണമായ ഡാറ്റ നൽകിയിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. അതേസമയം ശസ്ത്രക്രിയകൾക്കും മറ്റു ആരോഗ്യ സേവനങ്ങൾക്കുമായി കാത്തിരിക്കുന്നവരുടെ എണ്ണം അഞ്ച് ദശലക്ഷത്തിലധികം കവിയുമെന്ന് Secondstreet.org വക്താവ് ഡോം ലൂസിക്ക് പറഞ്ഞു.

ക്യുബെക്കിൽ ശസ്ത്രക്രിയാ വെയിറ്റ്ലിസ്റ്റുകളിൽ (-2.1 ശതമാനം) നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തപ്പോൾ, ഡയഗ്നോസ്റ്റിക് വെയ്റ്റ്ലിസ്റ്റുകളിലും (-41.5 ശതമാനം) ഇടിവ് രേഖപ്പെടുത്തി. മാനിറ്റോബയിൽ ശസ്ത്രക്രിയാ വെയിറ്റ്ലിസ്റ്റുകളിൽ 20.9 ശതമാനത്തിന്റെ കുറവും ഡയഗ്നോസ്റ്റിക് ക്യൂകളിൽ 15.1 ശതമാനം കുറവും റിപ്പോർട്ട് ചെയ്തു. എന്നാൽ, നാല് തരം ശസ്ത്രക്രിയകൾക്കും അഞ്ച് തരം ഡയഗ്നോസ്റ്റിക് സ്കാനുകൾക്കുമുള്ള ഡാറ്റ മാത്രമാണ് മാനിറ്റോബ നൽകിയതെന്ന് Secondstreet.org വക്താവ് ഡോം ലൂസിക്ക് അറിയിച്ചു.

സസ്കാച്വാനിൽ, ഡിസംബർ 13 വരെ, ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്ന താമസക്കാരിൽ 17.4 ശതമാനം കുറവും ഡയഗ്നോസ്റ്റിക് വെയ്റ്റ്ലിസ്റ്റിലുള്ളവരുടെ എട്ട് ശതമാനം കുറവും റിപ്പോർട്ട് ചെയ്തു. അതേസമയം ഒന്റാരിയോയിൽ ശസ്ത്രക്രിയാ വെയിറ്റ്ലിസ്റ്റുകളിൽ പുരോഗതി കണ്ടതായി റിപ്പോർട്ട് എടുത്തു കാണിക്കുന്നു. ഇത് 6.2 ശതമാനം കുറഞ്ഞു. എന്നാൽ, പ്രവിശ്യയിലെ ഡയഗ്നോസ്റ്റിക് ക്യൂ 43.8 ശതമാനം വർധന ഉണ്ടായി.

കാനഡയിലുടനീളമുള്ള ശസ്ത്രക്രിയകൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 1993-ലെ 9.3 ആഴ്ചയിൽ നിന്ന് 2023-ൽ 27.7 ആഴ്ചയായി ഉയർന്നതായി ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
