ന്യൂയോർക്ക്: അമേരിക്കയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമായ യുവതിയെ ഭർത്താവ് വെടിവച്ചുകൊന്നു. 33കാരിയായ തെരേസ കച്യൂല ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജേസൺ കച്യൂല (44) തലയ്ക്ക് വെടിവെച്ചാണ് തെരേസയെ കൊലപ്പെടുത്തിയത്. മകളുടെ മുൻപിൽ വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ജേസൺ ജീവനൊടുക്കി.

പേൾറിഡ്ജ് സെന്ററിലെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. മൂന്ന് കുട്ടികളുടെ അമ്മയും വൈപാഹുവിലെ ഹൗസ് ഓഫ് ഗ്ലാം ഹവായ് എൽഎൽസി ഉടമയുമാണ് തെരേസ. അച്ഛൻ അമ്മയ്ക്ക് നേരെ വെടിയുതിർത്തെന്ന് എട്ട് വയസ്സുള്ള മകളാണ് പൊലീസിനോട് പറഞ്ഞത്. പിന്നാലെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ജേസൺ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയും ചെയ്തു.
തെരേസയും ജേസണും അകൽച്ചയിലായിരുന്നു. വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഭർത്താവിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് തെരേസ കോടതിയെ സമീപിച്ചതിന് രണ്ടാഴ്ചക്ക് ശേഷമാണ് കൊലപാതകം നടന്നത്. ജെയ്‌സന്റെ വീട്ടിൽ രജിസ്റ്റർ ചെയ്ത അഞ്ച് തോക്കുകൾ പൊലീസ് കണ്ടെടുത്തു.
അമ്മയുടെ കൊലപാതകം നേരിൽ കണ്ടതിന്റെ ആഘാതത്തിലാണ് തേരേസയുടെ ഇളയ മകൾ. അമ്മ പോയെന്ന് മകൾക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ലെന്ന് തെരേസയുടെ അമ്മ ലുസിറ്റ പറഞ്ഞു. തെരേസയുടെ കൺമുന്നിൽ ജീവനൊടുക്കുമെന്ന് ജേസൺ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
“മകൾക്കും കൊച്ചുമക്കൾക്കും ക്രിസ്മസ് സമ്മാനങ്ങൾ നൽകാൻ ഞാൻ ആഗ്രഹിച്ചു. എന്റെ മകൾ ഇതല്ല അർഹിച്ചിരുന്നത്. സഹായത്തിനായി അവൾ ശ്രമിച്ചു. പക്ഷേ നിയമ സംവിധാനം അവളെ സഹായിച്ചില്ല”- എന്നാണ് അമ്മയുടെ പ്രതികരണം.