വാഷിംഗ്‌ടൺ: നൂറോളം പേർ കൊല്ലപ്പെട്ട ഇറാനിലെ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളോ സഖ്യകക്ഷിയായ ഇസ്രായേലോ ആണെന്ന ആരോപണം തള്ളി യു.എസ്. ഈ സ്ഫോടനത്തിൽ യു.എസിന് ഒരു തരത്തിലും പങ്കില്ല. മറിച്ചുള്ള ആരോപണങ്ങൾ പരിഹാസ്യമാണ്. ഇസ്രായേലിന് പങ്കുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് മുന്നിൽ തെളിവുകളില്ല. യു.എസ് ആഭ്യന്തര വക്താവ് മാത്യു മില്ലർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന സൂചനയൊന്നും അമേരിക്കയ്ക്ക് ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയും പറഞ്ഞു. ഭീകരാക്രമണത്തിൽ കൊലപ്പെട്ട ഇരകളോടും അവരുടെ പ്രിയപെട്ടവരോടും സഹതാപം പ്രകടിപ്പിക്കുന്നതായും മാത്യു മില്ലർ കൂട്ടിച്ചേർത്തു.
ഇറാനിലെ കെർമാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ സൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് അടുത്തായാണ് രണ്ട് സ്‌ഫോടനങ്ങൾ നടന്നത്. സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാംവാർഷികത്തിലാണ് ഇരട്ട സ്‌ഫോടനം. ആദ്യത്തെ സ്‌ഫോടനം സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 കിലോമീറ്റർ അകലെയായും രണ്ടാം സ്‌ഫോടനം ഒരു കിലോമീറ്റർ അകലെയായുമാണ് നടന്നത്. സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും.