റിയാദ്: സൗദി അറേബ്യയിൽ നിയമലംഘനം നടത്തിയ 17,999 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കൽ എന്നിവയിലാണ് 17,999 പേരെ അറസ്റ്റ് ചെയ്തതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

താമസ നിയമം ലംഘിച്ചതിനാണ് 10,975 പേരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,011 പേരെയും അറസ്റ്റ് ചെയ്തു,.3,013 പേരെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് തടവിലാക്കി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 688 പേരിൽ 38 ശതമാനം ആളുകൾ യെമനികളാണ്. ഇതിൽ 60 ശതമാനം പേർ എത്യോപ്യയിൽ നിന്നും രണ്ട ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.
അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 200 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. നിയമലംഘകർക്ക് രാജ്യത്തിലേക്ക് കടക്കുന്നതിനും താമസിക്കുന്നതിനും സൗകര്യം ചെയ്തുകൊടുത്ത 14 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് അനധികൃതമായി കടക്കുന്നവർക്കും അനധികൃത താമസക്കാർക്കും 15 വർഷം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ ഒരു മില്യൺ റിയാൽ വരെ (260,000 ഡോളർ) പിഴയും വസ്തുവകകൾ ജപ്തി ചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.