ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ്-ഹാർബർ ലിങ്ക് റോഡിൽ നടന്ന വാഹനാപകടത്തിൽ രണ്ട് സ്ത്രീകളും മൂന്ന് യുവാക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ജനുവരി 13 -ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത അടൽ സേതുവിൽ നടന്ന ആദ്യ അപകടമാണിത്. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മറ്റ് വാഹനങ്ങളിൽ ഇടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

അപകടത്തിന്റെ നാടകീയ രംഗങ്ങൾ ഡാഷ് ക്യാം ഫൂട്ടേജിൽ ലഭിച്ചിട്ടുണ്ട്. ഒരു കാർ വളരെ അസാധാരണമായി നിയന്ത്രണം വിട്ട് നീങ്ങുന്നതും, പാലത്തിന്റെ റെയിലിൽ ഇടിച്ച് ഒന്നിലധികം തവണ മറിയുന്നതും ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിന്റെ ഡാഷ്‌ക്യാം ദൃശ്യങ്ങളിൽ വാഹനം ലെയ്‌നുകൾ മുറിച്ചുകടക്കുന്നതും റെയിലിംഗിൽ ഇടിക്കുന്നതും വ്യക്തമായി കാണാൻ കഴിയും. റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ ചിർലെ എന്ന ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഈ കാർ. ഇതിൽ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകളും കുട്ടികളുമടക്കം എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് നിലവിലെ റിപ്പോർട്ട്.