മോൺട്രിയൽ : യുണൈറ്റഡ് സ്റ്റേറ്റ്സിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കെബെക്കിലുടനീളവും പ്രത്യേകിച്ച് മോൺട്രിയലിൽ മഞ്ഞുമഴയും ഒപ്പം ശക്തമായ മഞ്ഞുവീഴ്ച്ചയും ഉണ്ടാകുമെന്ന് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി.
കിഴക്കൻ ഒന്റാരിയോ മുതൽ തെക്കുപടിഞ്ഞാറൻ കെബെക്ക്, മോൺട്രിയൽ, ലാവൽ, ലാച്യൂട്ട്, സെന്റ്-ജെറോം, റിച്ചെലിയൂ വാലി, സെന്റ്-ഹയാസിന്തെ, വൗഡ്രൂയിൽ-സൗലാഞ്ചസ്-ഹണ്ടിംഗ്ഡൺ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. മോൺട്രിയലിൽ ഇന്ന് രാത്രി എട്ടു മണിയോടെ മഞ്ഞുവീഴ്ച്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. നഗരത്തിൽ അഞ്ചു മുതൽ 10 മില്ലിമീറ്റർ വരെ മഞ്ഞുവീഴ്ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഹൈവേകളും റോഡുകളും നടപ്പാതകളും മഞ്ഞുമൂടിയതും വഴുവഴുപ്പുള്ളതുമാകുമെന്നും വ്യാഴാഴ്ച രാവിലെയുള്ള യാത്രയെ കാര്യമായി ബാധിക്കുമെന്നും അറിയിച്ചു. കൂടാതെ അതിരാവിലെ മഞ്ഞുമഴയും പ്രതീക്ഷിക്കണം.

വ്യാഴാഴ്ച പകൽ മുഴുവൻ താപനിലയിൽ നേരിയ വർധന ഉണ്ടാകും. എന്നാൽ വെള്ളിയാഴ്ച രാവിലെ വീണ്ടും മഞ്ഞുമഴ ആരംഭിക്കും. തുടർന്ന് വാരാന്ത്യത്തിൽ നഗരത്തിൽ താപനില ഉയരും. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും താപനില കുറയുമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
