മൺട്രിയോൾ: രാജ്യത്തിനോ സമൂഹത്തിനോ ഗുണമില്ലാത്ത കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയിലെ മാനേജ്മെന്റ് കൺസൾട്ടന്റുകളെ പുറത്താക്കി കാനഡയിലെ തുറമുഖങ്ങളിലെ സുരക്ഷ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ്. മാനേജ് ചെയ്യാൻ അറിയാത്തവരാണ് മാനേജ്മെന്റ് കൺസൾട്ടന്റുകളെ നിയമിച്ച് എങ്ങനെ കാര്യങ്ങൾ മാനേജ് ചെയ്യണമെന്ന് അവരെ പഠിപ്പിക്കുന്നതെന്നും പരിഹസിച്ചു.

മൺട്രിയോളിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താൻ പ്രധാനമന്ത്രിയായാൽ കാർ മോഷണം തടയുന്നതിനായി ആലോചിക്കുന്ന നടപടികളിൽ രണ്ടാംഘട്ടത്തെക്കുറിച്ച് വിശദീകരിച്ചത്.
മാനേജ്മെന്റ് കൺസൾട്ടൻസികൾക്കായി ലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ധൂർത്ത് അവസാനിപ്പിച്ച് വാൻകൂവർ, മൺട്രിയോൾ, പ്രിൻസ് റൂപർട്ട്, ഹാലിഫാക്സ് പോർട്ടുകളിലെത്തുന്ന കണ്ടെയ്നറുകൾ വിശദമായ പരിശോധിക്കുന്നതിന് നൂതനവും ഗുണനിലവാരവുമുള്ള 24 എക്സ്-റേ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും മുൻകയ്യെടുക്കും. സ്കാനറുകൾ യഥാവിധം ഉപയോഗപ്പെടുത്തി, കാർ മോഷണവും മറ്റും തടയുന്നതിനായി 75 സിബിഎസ്എ ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ നിയോഗിക്കുമെന്നും പിയേർ വ്യക്തമാക്കി.
വാഹന മോഷണങ്ങൾ ദിനംപ്രതി വർധിക്കുന്നതിനാലാണ് ഇൻഷുറൻസ് തുക ക്രമാതീതമായി വർധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പിയേർ, കുറ്റവാളികളോട് ജസ്റ്റിൻ ട്രൂഡോ സർക്കാർ പുലർത്തുന്ന മൃദുസമീപം അവസാനിപ്പിക്കുമെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് മൂന്നു വർഷത്തെ ജയിൽവാസം ഉറപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതും കാര്യക്ഷമമായ പരിശോധനയില്ലാത്തതും കാരണമാണ് വാഹനമോഷണം വ്യാപകമാകുന്നതെന്നും പിയേർ ചൂണ്ടിക്കാട്ടി. മോഷ്ടിക്കപ്പെട്ട വാഹനം ഇപ്പോൾ എവിടെയുണ്ടെന്ന് പൊലീസിനെ വിളിച്ചറിയിച്ചാൽപ്പോലും പ്രയോജനമില്ലാത്ത സാഹചര്യമാണെന്ന് പിയേർ അടുത്തിടെ സൂചിപ്പിച്ചിരുന്നു. മോഷ്ടിച്ച വാഹനങ്ങളിലൊന്ന് കണ്ടെയ്നർ ട്രെയിനിലേക്ക് മാറ്റുന്നതായി കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചെങ്കിലും, കണ്ടെയ്നർ ട്രെയിൻ യാർഡിൽ അതിക്രമിച്ചു കയറി എന്ന പേരിൽ ഉടമസ്ഥനെതിരെ പിഴ വിധിച്ചതല്ലാതെ മോഷണം തടയാൻ ഉദ്യോഗസ്ഥർക്കായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.