ടൊറൻ്റോ : ബെൽവിൽ നഗരത്തിലെ ഹെൽത്ത് സർവീസ് ഹബ്ബിനായുള്ള നിർമ്മാണത്തിൽ ധനസഹായം അനുവദിക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. കമ്മ്യൂണിറ്റി ഹെൽത്ത് ഹബ്ബ് പോലുള്ള ദീർഘകാല പദ്ധതികളെക്കുറിച്ച് ബെൽവിൽ മേയർ നീൽ എല്ലിസുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം നഗരത്തിൽ കഴിഞ്ഞ ആഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലഹരിമരുന്നിനടിമകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഭവനരഹിതർ എന്നിവർക്കുള്ള കമ്മ്യൂണിറ്റി ഹബ്ബ്, ഡിടോക്‌സ് സെന്റർ എന്നിവ സ്ഥാപിക്കുന്നതിനാവശ്യമായ ധനസഹായം നൽകണമെന്ന് ആവിശ്യപ്പെട്ട് ബെൽവിൽ മേയർ നീൽ എല്ലിസ് രംഗത്തെത്തിയിരുന്നു.

നഗരത്തിൽ നിലവിലുള്ള മയക്കുമരുന്ന് പ്രതിസന്ധിയെ നേരിടുന്നതിനായി ഡിടോക്‌സ് സെൻ്റർ നിർമ്മാണം സഹായിക്കുമെന്നും ഇതിനായി പ്രവിശ്യയുടെ സഹായം ഉറപ്പാക്കണമെന്നും ആവിശ്യം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡഗ് ഫോർഡിന്റെ പ്രഖ്യാപനം.
കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം പ്രവിശ്യയിലെ ഒപിയോയിഡ് കേസുകളിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തുന്നത്. അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുള്ള മരണ നിരക്ക് 2019 മുതൽ ഏകദേശം ഇരട്ടിയായാതായി കണക്കുകൾ പറയുന്നു.
