വിനിപെഗ്: തെക്കൻ മാനിറ്റോബയിലെ കൂട്ട കൊലപാതകങ്ങളിൽ ഇരയായവർ സ്വന്തം കുട്ടികളടക്കം 5 കുടുംബാംഗങ്ങൾ. പ്രതി മനോകീസിക്കിനെതിരെ(29) പാെലീസ് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. ബെഥാനി (6), ജെയ്വെൻ (4), രണ്ടര മാസം പ്രായമുള്ള ഇസബെല്ല, മയ (17), അമൻഡ ക്ലിയർവാട്ടർ (30) എന്നിവരാണ് കാെല്ലപ്പെട്ടത്.

ഞായറാഴ്ച രാവിലെ ഏഴരയോടെ മാനിറ്റോബ കാർമാൻ, ഹൈവേ 3-ൽ വാഹനാപകടമായാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവസ്ഥലത്തിന് അടുത്തുള്ള കുഴിയിൽ നിന്ന് മരിച്ച നിലയിൽ അമാൻഡയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. ശേഷം, ഉച്ചയോടെ അടുത്ത അപകടം റിപ്പോർട്ട് ചെയ്യ്തു. കാർട്ടിയർ, ആർഎം ഹൈവേ 248 ൽ ഒരു കാറിന് തീപിടിച്ചതായി ആർസിഎംപിക്ക് വിവരം ലഭിച്ചു. കാറിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
കാറിന് തീപിടിച്ച സ്ഥലത്ത് നിന്നാണ് പ്രതി മനോകീസിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർമാനിലെ വീട്ടിൽ നിന്നും മയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കേസിൽ അന്വേഷണം നടക്കുകയാണെന്ന് ആർ സി എംപി അറിയിച്ചു.
