യുകെയിലെ ബക്കിംങ്ഹാംഷെയറിൽ നിന്ന് 1700 വര്‍ഷം പഴക്കമുള്ള മുട്ടകളുടെ ശേഖരം കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ഇത്രയും പഴക്കമുള്ള മുട്ടകൾ കണ്ടെത്തിയതിലല്ല പകരം ഇത്രയേറെ വര്‍ഷം ഭൂമിക്കടിയില്‍ ഇരുന്നിട്ടും മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിയിട്ടില്ലെന്നതിലാണ് ഗവേഷകര്‍ക്ക് അത്ഭുതം. പുരാവസ്തു ഗവേഷകരെയും പ്രകൃതി ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ഈ മുട്ടകൾ കോഴിയുടേതാണെന്ന് ചില ഗവേഷകര്‍ സംശയം പ്രകടിപ്പിച്ചു.

മഞ്ഞക്കരു, ആൽബുമിൻ എന്നിവയുടെ മിശ്രിതമാണെന്ന് വിശ്വസിക്കപ്പെടുന്ന ദ്രാവകമടങ്ങിയ മുട്ടകളാണ് കേടുകൂടാതെ കണ്ടെത്തിയത്. ഏത് പക്ഷിയുടെതാണ് മുട്ടകളെന്ന് തിരിച്ചറിയാനും നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന ആ പക്ഷികളെ കുറിച്ച് കൂടുതലറിയാനും ഈ ദ്രാവകത്തെ കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മൈക്രോ സിടി സ്കാൻ പരിശോധനയിലൂടെയാണ് മുട്ടയുടെ ഉള്ളിൽ ദ്രാവകം ഉള്ളതായി ഗവേഷകര്‍ സ്ഥിരീകരിച്ചത്.
1.5 ഇഞ്ച് വീതിയുള്ള മുട്ടകൾ വെള്ളം നിറഞ്ഞ ഒരു കുഴിയിൽ നിന്നാണ് കണ്ടെത്തിയത്. ഡിജിബി കൺസർവേഷനിലെ പുരാവസ്തു ഗവേഷകനായ ഡാന ഗുഡ്ബേൺ-ബ്രൗൺ ആണ് ഈ കണ്ടെത്തലിന് പ്രധാന പങ്ക് വഹിച്ചത്. മുട്ടകൾക്കൊപ്പം, മൺപാത്രങ്ങൾ, തുകൽ ചെരിപ്പുകൾ, മൃഗങ്ങളുടെ അസ്ഥികൾ, നെയ്ത കൊട്ട എന്നിവയുൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ മുട്ടകളിൽ മൂന്നെണം പുറത്തെടുക്കുന്നതിനിടയിൽ പൊട്ടിയതായി ഗവേഷകർ പറയുന്നു. ഈ കണ്ടെത്തൽ ഭൂതകാലത്തെക്കുറിച്ചുള്ള വിലയേറിയ ഉൾക്കാഴ്ചകൾ നൽകുമെന്നാണ് ഗവേഷകർ കരുതുന്നത്.
