മിസ്സിസാഗ : ബ്രാംപ്ടണിൽ വാഹനമോഷണ ശ്രമത്തിനിടെ ഇന്ത്യൻ വംശജനായ യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടാമത്തെ പ്രതിയും അറസ്റ്റിലായി. ബ്രാംപ്ടൺ സ്വദേശിയായ ജസൈൻ കെർ (21) ആണ് അറസ്റ്റിലായത്. അറസ്റ്റിനിടെ ഒരു തോക്കും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

2023 ജൂലൈ 9-ന് പുലർച്ചെ രണ്ടു മണിയോടെ പിസ്സ ഡെലിവറിക്കെത്തിയ ഇന്ത്യൻ വംശജനായ ഗുർവീന്ദർ നാഥ് (24) വാഹനമോഷണശ്രമത്തിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടാനിയ, ക്രെഡിറ്റ് വ്യൂ റോഡുകൾക്ക് സമീപമുള്ള എമേഴ്‌സൺ ലെയ്‌നിൽ പിസ്സ ഡെലിവറിക്കെത്തിയ ഗുർവീന്ദർ നാഥിനെ ഒരു സംഘം നേരിടുകയും വാഹനം മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച യുവാവിനെ സംഘം ആക്രമിക്കുകയും റോഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗുർവീന്ദർ നാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 14ന് മരണപ്പെടുകയായിരുന്നു.
2023 നവംബർ 22 ന് പീൽ പൊലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. രണ്ടാം ഡിഗ്രി കൊലപാതകം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ, അശ്രദ്ധമായി തോക്ക് സൂക്ഷിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.