അബുദാബി : വിവിധതരം പ്രകൃതിദത്ത പൂക്കളുപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ടൊരുക്കി ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി അൽ ഐൻ മുനിസിപ്പാലിറ്റി. 7000-ലേറെ പൂക്കളുള്ള പൂച്ചെണ്ട് അൽ ഐൻ ജാഹിലി പാർക്കിലെ പുഷ്പ മേളയിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. 49 മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പൂച്ചെണ്ടിന് ഏഴുമീറ്റർ ഉയരമുണ്ട്.

പ്രകൃതിദത്ത പൂക്കൾക്ക് പുറമേ വർണ വെളിച്ചങ്ങളിലുള്ള പുഷ്പങ്ങളുടെ ആർട്ട് ഇൻസ്റ്റലേഷനും മേളയിലെത്തുന്നവരുടെ മനം കവരുന്നുണ്ട്. കലയും സൗന്ദര്യവും സമന്വയിക്കുന്ന 11 നൂതന കലാസൃഷ്ടികളും പാർക്കിലുണ്ട്. പ്രകൃതിഭംഗി വർധിപ്പിക്കുന്നതിനൊപ്പം പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി നഗരത്തെ മാറ്റാനുമാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. ചെറുകിട, ഇടത്തരം വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് 30 സ്റ്റാളുകളും ഭക്ഷ്യവണ്ടികളും മേളയിൽ സജീവമാണ്. അടുത്ത മാസം 14 വരെ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
