അബുദാബി : വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ടർട്ടിൽ മുട്ടയിടുന്ന സ്ഥലം അബുദാബിയിലെ അൽ ദഫ്റയിൽ കണ്ടെത്തി. അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ഇത്തരം ആമകളെ അബുദാബി തീരത്ത് കാണാറുണ്ടെങ്കിലും മുട്ടയിടുന്ന സ്ഥലം കണ്ടെത്തുന്നത് ആദ്യമായാണ്.

തീരപ്രദേശങ്ങളിൽ നിന്ന് അകലെയുള്ള ദ്വീപുകളിൽ കടലാമകൾ കൂടുണ്ടാക്കാറുണ്ട്. അബു അൽ അബ്യാദ്, ബുതിന, അൽ യാസത്ത്, മുഹയിമത്ത് എന്നീ ദ്വീപുകൾക്കിടയിലെ ജലാശയങ്ങളിൽ ഗ്രീൻ ടർട്ടിലിനെ കാണാറുണ്ട്. ആമകൾ കൂടുകൂട്ടാൻ സാധ്യതയുള്ള പ്രദേശങ്ങൾ അധികൃതർ നിരീക്ഷിക്കാറുമുണ്ട്. എന്നാൽ പച്ച ആമകൾ കൂടുകൂട്ടിയതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. നേരത്തേ മുട്ടയിടാനായി ഇവ ഒമാൻ തീരത്തേക്ക് പോയിരുന്നതായി സാറ്റലൈറ്റ് ട്രാക്കിങ് പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ടെന്ന് ഇ.എ.ഡി.യിലെ ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്സിറ്റി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.
