Monday, October 27, 2025

ആറ്റുകാൽ പൊങ്കാല ഇന്ന്: തലസ്ഥാനം ഉത്സവ ലഹരിയിൽ

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരം. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊങ്കാലയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്.

രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിത്തീരുന്നതോടെ 10.30-ന് പൊങ്കാലയ്ക്കു തുടക്കമാകും. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്കു കൈമാറും.

ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിമാർക്കു കൈമാറും. തുടര്‍ന്ന് ക്ഷേത്ര പരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളില്‍ തീ പകരും. 2.30 ന് ഉച്ചപൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തും.

രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പൊലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും. തിങ്കളാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!