റിയാദ്: മിഡില്‍ ഈസ്റ്റ് മേഖലാ ആസ്ഥാനം റിയാദിലേക്ക് മാറ്റുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് (എംഎന്‍സി) സൗദി അറേബ്യ പ്രഖ്യാപിച്ച 30 വര്‍ഷത്തെ നികുതി ഇളവുകള്‍ക്കുള്ള നിയമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. യോഗ്യതയുള്ള കമ്പനികളില്‍ നിന്ന് ഒരു ശതമാനം നികുതി പോലും ഈടാക്കില്ലെന്നും സ്വദേശിവത്കരണ നിയന്ത്രണങ്ങളില്‍ ഈ കമ്പനികള്‍ക്ക് ഇളവുണ്ടാവമെന്നും ഉമ്മുല്‍ ഖുറ എന്ന ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു.

മേഖലാ ആസ്ഥാനം റിയാദിലേക്ക് മാറ്റാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട കരാറുകളൊന്നും നല്‍കില്ലെന്ന ഉത്തരവ് 2024 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ആസ്ഥാനം മാറ്റുന്നതിന് അനുവദിച്ച മൂന്നു വര്‍ഷ കാലാവധി കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കരാര്‍ ലഭിച്ച കമ്പനികളില്‍ നിന്ന് സബ് കോണ്‍ട്രാക്റ്റുകള്‍ സ്വീകരിക്കുന്നതിനു തടസമില്ല. സ്വകാര്യ മേഖലയിലെ കരാറുകള്‍ സ്വീകരിക്കുന്നതിനും ഈ വ്യവസ്ഥ പാലിക്കേണ്ടതില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി വിദേശ കമ്പനികള്‍ റിയാദിലേക്ക് ആസ്ഥാനം മാറ്റിയിരുന്നു. കൂടുതല്‍ കമ്പനികള്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള ലാഭകരമായ കരാറുകള്‍ ലഭിക്കുന്നതിന് വേണ്ടിയാണിത്. റിയാദിലേക്ക് കമ്പനികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് 30 വര്‍ഷത്തെ ആദായനികുതി പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നത്. രാജ്യത്തേക്ക് വന്‍കിട വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരാനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുമാണ് സൗദിയുടെ ഈ നടപടി. ഇതിലൂടെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിടുന്നു.