ജിദ്ദ: 25 വര്‍ഷമായി സൗദി അറേബ്യ തിരയുന്ന കുറ്റവാളിയുമായി സാമ്യമുള്ള പേരും വിശദാംശങ്ങളും കാരണം ഇന്ത്യന്‍ ഉംറ തീര്‍ഥാടകന്‍ സൗദിയില്‍ ജയിലിലായി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം തീര്‍ഥാടകനെ കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിനായി അബഹയിലേക്ക് കൊണ്ടുപോവുകയും ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്.

ബെംഗളൂരുവിലെ ജയനഗര്‍ സ്വദേശി മുഹമ്മദ് ഗൗസ് ആണ് ജയിലിലായത്. നഗരത്തില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ ഏജന്റായി ജോലി ചെയ്യുന്നയാളാണിദ്ദേഹം. ജീവിതത്തിലൊരിക്കലും സൗദി അറേബ്യയിലേക്കോ മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ ഇദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉംറ നിര്‍വഹിക്കുന്നതിനായി അദ്ദേഹം തന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള എട്ട് പേര്‍ക്കൊപ്പം സൗദി അറേബ്യയിലെത്തിയത്. മുഹമ്മദ് ഗൗസിന്റെ ആദ്യ വിദേശ യാത്രയാണ് ഉംറ തീര്‍ഥാടനം.
സൗദിയില്‍ ‘മത്ത്‌ലൂബ്’ അഥവാ ‘വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേര് വിവരങ്ങളുമായാണ് മുഹമ്മദ് ഗൗസിന്റെ പേരും വിശദാംശങ്ങളും പൊരുത്തപ്പെടുന്നത്. ജിദ്ദയിലെ വിമാനത്താവളത്തിലെത്തിയപ്പോള്‍ പാസ്പോര്‍ട്ട് അധികൃതര്‍ ഗൗസിനെ തടഞ്ഞുവെക്കുകയായിരുന്നു. മുഹമ്മദ് ഗൗസ് കഴിഞ്ഞ മാസമാണ് ആദ്യമായി പാസ്പോര്‍ട്ട് നേടിയതെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ഹജ്ജ് വേളയില്‍ മധ്യപ്രദേശില്‍ നിന്നുള്ള പ്രായമായ ഒരു തീര്‍ഥാടകനും കുറ്റവാളിയുമായി സാമ്യമുള്ള പേരും വിശദാംശങ്ങളും കാരണം കസ്റ്റഡിയിലായിരുന്നു. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം പിന്നീട് വിട്ടയക്കുകയും ചെയ്തു.