ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഹമാസിനാണെന്നും രാജ്യത്തെ ഹമാസിന്റെ ആസ്തികള്‍ പൂര്‍ണമായും മരവിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹമാസിന് ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ സംഘടനകളോ സഹായം കൈമാറുന്നതും അധികൃതര്‍ നിരോധിച്ചു.
എന്നാല്‍ ഗാസയിലെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് സഹായം കൈമാറുന്നതിന് വിലക്കുകള്‍ ഇല്ലെന്നും, ഹമാസിനെതിരായ നീക്കം ഒരിക്കലും പലസ്തീനിലെ സാധാരണക്കാര്‍ക്ക് എതിരല്ലെന്നും അധികൃതര്‍ പറയുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ 2010ല്‍ ന്യൂസിലന്‍ഡ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് ന്യൂസിലന്‍ഡ് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സുമാണ് പലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്.
