റിയാദ് : 2034 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ തുടക്കമിട്ടു. ‘ഒത്തൊരുമിച്ച് വളരാം’ എന്ന ആശയത്തിലൂന്നിയാണ് സൗദി അറേബ്യ ഈ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുന്ന രേഖകൾ ഔദ്യോഗികമായി ഫിഫയ്‌ക്ക് മുൻപിൽ സമർപ്പിച്ച ശേഷമാണ് എസ്എഎഫ്എഫ് ഈ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സമ്മതം അറിയിക്കുന്ന ഔദ്യോഗിക കത്ത് പ്രതിജ്ഞാപത്രം എന്നിവയാണ് എസ്എഎഫ്എഫ് ഫിഫയ്‌ക്ക് നൽകിയത്. പ്രചാരണ പരിപാടികളുടെ ഭാഗമായി ബിഡ് ലോഗോ, വെബ്സൈറ്റ്, ഒരു ഹ്രസ്വചിത്രം എന്നിവ എസ്എഎഫ്എഫ് പുറത്തിറക്കിയിട്ടുണ്ട്.
ഫിഫ ക്ലബ് വേൾഡ് കപ്പ് കൂടാതെ 2027 എഎഫ്സി ഏഷ്യൻ കപ്പ് എന്നിവ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്. എല്ലാ മേഖലകളിലും രാജ്യം കൈവരിച്ചിട്ടുള്ള സമഗ്ര പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് 2034 വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകാനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനമെന്ന് സൗദി കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചിരുന്നു.