ടൊറൻ്റോ : ഒൻ്റാരിയോ ഇംഗർസോളിലെ ഓട്ടോമേക്കേഴ്‌സിൻ്റെ സിഎഎംഐ അസംബ്ലി പ്ലാൻ്റിലെയും ബാറ്ററി ഫാക്ടറിയിലെയും ജീവനക്കാർക്കായി ജനറൽ മോട്ടോഴ്‌സുമായി കരാർ ചർച്ച ആരംഭിച്ച് യൂണിഫോർ. ശമ്പള വർധന, തൊഴിൽ സുരക്ഷ, ജീവനക്കാരുടെ പെൻഷൻ പദ്ധതികൾ എന്നിവ ചർച്ചയിൽ ഊന്നൽ നൽകുമെന്ന് യൂണിയൻ പറയുന്നു. ഷെവർലെ ബ്രൈറ്റ്‌ഡ്രോപ്പ് EV 600, EV 400 എന്നിവ നിർമ്മിക്കുന്ന കാനഡയിലെ ഒരേയൊരു വലിയ തോതിലുള്ള ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രമാണ് CAMI പ്ലാൻ്റ്.

കഴിഞ്ഞ വർഷം സെൻ്റ് കാതറിൻസിലെയും ഓഷവയിലെയും ജനറൽ മോട്ടോഴ്‌സിന്‍റെ രണ്ട് പ്ലാൻ്റുകളിലെ തൊഴിലാളികൾക്ക് ലഭിച്ച കരാറിന് തുല്യമായ കരാർ CAMI പ്ലാൻ്റ് തൊഴിലാളികൾക്കും ലഭിക്കണമെന്നാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്ന് യൂണിഫോർ വക്താവ് അറിയിച്ചു. സെപ്‌റ്റംബർ 17-നകം കരാറിലെത്തിയില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കാൻ യൂണിയൻ അംഗങ്ങളിൽ 97% പേർ വോട്ട് ചെയ്തതായും യൂണിഫോർ പറയുന്നു.
