ടൊറൻ്റോ : അറോറയിൽ ഭവനഭേദനത്തെ ചെറുക്കുന്നതിനിടെ പൊലീസിന്‍റെ വെടിയേറ്റ് 17 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ സെൻ്റ് ജോൺസ് സൈഡ് റോഡിനും ബേവ്യൂ അവന്യൂവിനും സമീപം ഡൗണി സർക്കിളിലെ വീട്ടിലാണ് സംഭവം നടന്നത്. വെടിവെപ്പിനെക്കുറിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ആയുധധാരിയായ കൗമാരക്കാരനെ നേരിട്ടതായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (എസ്ഐയു) വക്താവ് മോണിക്ക ഹുഡൺ പറയുന്നു. പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതോടെ പൊലീസ് ഒന്നിലധികം തവണ വെടിയുതിർത്തെന്നും എസ്ഐയു വക്താവ് അറിയിച്ചു. 17 വയസ്സുള്ള പ്രതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ യോർക്ക് റീജനൽ പൊലീസ് ഉദ്യോഗസ്ഥന് നിസ്സാര പരുക്കേറ്റിട്ടുണ്ട്. ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരും പ്രതിയും തമ്മിൽ വെടിവയ്പ്പ് നടന്നതായും മോണിക്ക ഹുഡൺ സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണത്തെത്തുടർന്ന് സമീപ പ്രദേശത്തെ നിരവധി വീടുകൾ ഇപ്പോഴും തടഞ്ഞിട്ടിരിക്കുകയാണ്.
