ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ പത്തിലേറെ ആക്രമണമുണ്ടായി.
മധ്യ ഗാസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ആളുകളെ പാർപ്പിച്ചിരുന്ന സ്കൂളിന്റെ കവാടത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു. നുസൈറത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ഷെല്ലാക്രമണം നടക്കുന്നുണ്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം അൽ മവാസിയിൽ വാഹനത്തിനുനേരെ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.

ലെബനനിലെ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നേരെ ഇസ്രയേൽ ആക്രമണം വർധിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. 55 ആക്രമണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചതെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി മാർഗരറ്റ് ഹാരിസ് പറഞ്ഞു. യഥാർഥ സംഖ്യ ഇതിലും കൂടുതലായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
