ഓട്ടവ : കാനഡ പോസ്റ്റ് ജീവനക്കാരുടെ സമരത്തിൽ ആശങ്ക അറിയിച്ച് ചെറുകിട ബിസിനസ്സ് ഉടമകൾ. തപാൽ സേവനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സംരംഭകരാണ് ആശങ്ക രേഖപ്പെടുത്തിയത്. പോസ്റ്റൽ വർക്കേഴ്സിന്റെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ ബദൽ മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണെന്ന് ചെറുകിട വ്യാപാരസ്ഥാപന ഉടമകൾ പറയുന്നു. ഇതിനോടകം തന്നെ 28 ശതമാനം പാഴ്സൽ വോളിയം കുറഞ്ഞതായും ഇനിയും കുറയാൻ സാധ്യതയുള്ളതായും അവർ പറയുന്നു.

അതേസമയം, നാല് വർഷത്തിനുള്ളിൽ 11.5% വേതന വർധനയും മറ്റു ആനുകൂല്യങ്ങളും ഉൾപ്പെടുന്ന കാനഡ പോസ്റ്റിൻ്റെ പുതിയ ഓഫർ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് നിരസിച്ചു. അതേസമയം, കാനഡ പോസ്റ്റ് വർക്കേഴ്സ് പണിമുടക്കുമായി ബന്ധപ്പെട്ട് കാനഡ പോസ്റ്റും CUPW ഉം തമ്മിലുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഗ്രാമീണ മേഖലകളെ പണിമുടക്ക് സാരമായി ബാധിക്കുമെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ്സ് (CFIB) പറയുന്നു.
