ബെയ്ജിങ്: ട്രംപിന്റെ സമാധാന ബോര്‍ഡിന്റെ 15 ഇന ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കുന്നതുവരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹമാസിന്റെ സാങ്കല്‍പ്പിക നിരായുധീകരണമല്ല, മറിച്ച് യഥാര്‍ത്ഥത്തിലുള്ള നടപടിയാണ് വേണ്ടതെന്നും ഈ വിഷയം അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്നും നെതന്യാഹു അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കുന്ന ട്രംപിന്റെ സമാധാന ദൗത്യസംഘത്തിന്റെ ഗാസയിലെ പ്രതിനിധി നിക്കോളായ് മ്ലാഡെനോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തിങ്കളാഴ്ച മുതല്‍ ഗാസയിലെ സൈനിക നീക്കങ്ങള്‍ പരമാവധി കുറച്ചിട്ടുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. അടിയന്തര ഭീഷണിയോ അപായ സൂചനയോ ഉള്ളപ്പോള്‍ മാത്രമായിരിക്കും ഇനി ആക്രമണം നടത്തുകയെന്ന് ഇസ്രയേല്‍ ഭരണകൂടം വ്യക്തമാക്കി. ദിവസേനയുള്ള ആക്രമണങ്ങളില്‍ സാധാരണക്കാര്‍ വരെ കൊല്ലപ്പെടുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് യുദ്ധത്തിന് ഇപ്പോള്‍ നേരിയ അയവ് വന്നിരിക്കുന്നത്.

ഗാസ ഇനി ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് താവളമാകില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിക്കുകയും, മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്നോടിയായി, 20 വര്‍ഷത്തെ ഭരണത്തിന് ശേഷം ഗാസയിലെ ഭരണസമിതി പിരിച്ചുവിട്ടതായി ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
